ചെന്നൈ: രാഷ്ട്രീയപ്രവര്‍ത്തനം വലിയ ഉത്തരവാദിത്വമാണെന്നും മാധ്യമങ്ങള്‍ പിന്തുണയ്ക്കണമെന്നും രജനീകാന്ത്. വലിയ വിപ്ലവങ്ങള്‍ നടന്ന തമിഴകത്തില്‍ മാറ്റം ലക്ഷ്യമിട്ടാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചത്. ഇതുവരെ മാധ്യമങ്ങളുമായി കൃത്യമായി അകലം പാലിച്ചിരുന്ന രജനി നിലപാട് മാറ്റുകയാണെന്നും വ്യക്തമാക്കി. മാധ്യമങ്ങളുമായി എങ്ങനെ ഇടപെടണമെന്ന് അറിയാത്തതാണ് തന്റെ പ്രശ്‌നമെന്ന് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രജനി പറഞ്ഞു.

ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ പാഞ്ഞടുക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ സ്തംഭിച്ചുനില്‍ക്കുകയായിരിക്കും താന്‍. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലപാട് പ്രഖ്യാപിക്കുമ്പോഴും നേരിട്ട് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. പ്രസ്താവന നല്‍കുയായിരുന്നുവെന്ന് ഓര്‍മിച്ച രജനി ഇനി അങ്ങനെയായിരിക്കില്ലെന്ന് സൂചിപ്പിച്ചെങ്കിലും രാഷ്ട്രീയ പ്രതികരണം നടത്താന്‍ തയ്യാറായില്ല. ഇപ്പോള്‍ പാര്‍ട്ടി രൂപവത്കരണത്തിനുള്ള തയ്യാറെടുപ്പുകളുടെ തിരക്കിലാണെന്നും രാഷ്ട്രീയവിഷയങ്ങളില്‍ പിന്നീട് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി രൂപവത്കരണംവരെ രാഷ്ട്രീയ പ്രതികരണം നടത്തില്ലെന്നും ഒരു പാര്‍ട്ടിയെയും വിമര്‍ശിക്കില്ലെന്നും രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുമ്പോള്‍തന്നെ വ്യക്തമാക്കിയിരുന്നു. പരസ്യപ്രതികരണം നടത്തുന്നതില്‍നിന്ന് ആരാധകസംഘടന ചുമതലക്കാരെയും വിലക്കിയിട്ടുണ്ട്. പുതുവത്സരദിനത്തില്‍ അംഗത്വ പ്രചാരണവും ആരംഭിച്ചിരുന്നു. പാര്‍ട്ടിയിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നതിനുവേണ്ടി വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും തുടങ്ങിയിട്ടുണ്ട്.

ആത്മീയരാഷ്ട്രീയമാണ് തന്റെ നയമെന്ന് വ്യക്തമാക്കിയ രജനി തിങ്കളാഴ്ച ചെന്നൈ മൈലാപ്പുരിലുള്ള ശ്രീരാമകൃഷ്ണമഠം സന്ദര്‍ശിച്ചു. മഠാധിപധി സ്വാമി ഗൗതമാനന്ദയുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. മതാധിഷ്ഠിതമല്ലാത്തെ ആത്മീയരാഷ്ട്രീയമാണ് താന്‍ മുന്നോട്ടുവയ്ക്കുന്നതെന്നാണ് രജനിയുടെ പ്രഖ്യാപനം.