ചെന്നൈ: ആന്ധ്രാപ്രദേശിലെ കൃഷ്ണ നദിക്ക് കുറുകെയുള്ള കണ്ടലേരു അണക്കെട്ടില്‍നിന്ന് ചെന്നൈയിലെ പൂണ്ടി ജലസംഭരണിയിലേക്ക് വെള്ളം തുറന്നുവിട്ടു. ആന്ധ്രാപ്രദേശും തമിഴ്‌നാടും തമ്മിലുണ്ടാക്കിയ കൃഷ്ണ നദീജലക്കരാര്‍ പ്രകാരമാണ് വെള്ളം വിട്ടുതരുന്നത്.

ജനുവരി മുതല്‍ ഏപ്രില്‍ വരെ എട്ട് ടി.എം.സി. വെള്ളവും ജൂണ്‍ മുതല്‍ ഓഗസ്റ്റുവരെ നാല് ടി.എം.സി. ജലവുമാണ് തമിഴ്‌നാടിന് വിട്ടുതരേണ്ടത്. തുറന്നുവിട്ട വെള്ളം ആന്ധ്രപ്രദേശ്-തമിഴ്‌നാട് അതിര്‍ത്തിയായ ഊത്തുക്കോട്ടയില്‍ എത്തി. വെള്ളം പൂണ്ടി അണക്കെട്ടിലേക്ക് വ്യാഴാഴ്ചയോടെ എത്തുമെന്നാണ് കരുതുന്നതെന്ന് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു.

പൂണ്ടിയില്‍നിന്ന് പുഴല്‍ ജലസംഭരണിയിലേക്ക് വെള്ളം തുറന്നുവിടും. പുഴല്‍ ജലസംഭരണിയില്‍നിന്ന് ജലം ശുദ്ധീകരിച്ച് ചെന്നൈയില്‍ കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കും. വടക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ ശരാശരി മഴ ലഭിച്ചിട്ടും ചെന്നൈയുടെ മുഖ്യജലസ്രോതസ്സുകളായ ചെമ്പരമ്പാക്കം, പൂണ്ടി, പുഴല്‍, ചോഴവാരം തടാകങ്ങളില്‍ മൊത്തം സംഭരണശേഷിയുടെ പകുതി മാത്രമാണ് വെളളമുള്ളത്. കഴിഞ്ഞ വര്‍ഷം വടക്കുകിഴക്ക് കാലവര്‍ഷം തീരേകുറഞ്ഞതിനാല്‍ നാല് ജലസംഭരണികളും വറ്റിയിരുന്നു. കണ്ടലേരു അണക്കെട്ടില്‍നിന്ന് ലഭിക്കുന്ന വെള്ളം നഗരത്തില്‍ കുടിവെള്ളത്തില്‍ നിര്‍ണായകപങ്കാണ് വഹിക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഒ. പനീര്‍ശെല്‍വത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് നാല് ടി.എം.സി.അധിക ജലം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിട്ടുകൊടുത്തിരുന്നു. നഗരത്തില്‍ ഒരു ദിവസം 8300 ലക്ഷം ലിറ്റര്‍ വെള്ളമാണ് വിതരണത്തിനായി ആവശ്യമുള്ളത്.