Chennaiചെന്നൈ: കേരളത്തിന്റെ സ്വന്തം നൃത്തരൂപമാണ് മോഹിനിയാട്ടം. എന്നാല്‍, ഇത് മലയാളക്കരയില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടതല്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന ഉഷാ സുരേഷ് ബാലാജി തമിഴ്‌മൊഴി വഴക്കം മോഹിനിയാട്ടത്തിലും പരീക്ഷിക്കുകയാണ്. തമിഴ് മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ആണ്ടാള്‍ കൃതിയാണ് മോഹിനിയാട്ടം രൂപത്തില്‍ അവതരിപ്പിക്കുന്നത്.

മാര്‍കഴി മഹോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ചയും ഞായറാഴ്ചയുമായി രണ്ട് വേദികളിലാണ് നൃത്താവതരണം. ബുധനാഴ്ച വൈകിട്ട് ഏഴിന് മൈലാപുര്‍ ഭാരതീയ വിദ്യാഭവനിലെ പ്രീതാ റെഡ്ഡി ഓഡിറ്റോറിയത്തിലും ഞായറാഴ്ച വൈകിട്ട് ഏഴിന് മൈലാപൂര്‍ ബ്രഹ്മഗാനസഭ ശിവകാമി പേതാച്ചി ഓഡിറ്റോറിയത്തിലുമാണ് പരിപാടി.

ആണ്ടാള്‍ കൃതിയായ നാച്ചിയാര്‍ തിരുമൊഴിയിലെ ഒരുഭാഗമാണ് അവതരിപ്പിക്കുന്നത്. പുരാതന തമിഴ് സാഹിത്യത്തിലെ വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിലെ 12 ആള്‍വാര്‍മാരില്‍ ഒരാളാണ് ആണ്ടാള്‍. വൈഷ്ണവമതവും ഭക്തിസാഹിത്യവും പ്രചരിപ്പിച്ചവരാണ് ആള്‍വാര്‍മാര്‍. ഇവരിലെ ഏക വനിതയാണ് ശ്രീവില്ലിപുത്തൂരില്‍ ജീവിച്ചിരുന്നുവെന്ന് പറയപ്പെടുന്ന ആണ്ടാള്‍. കടുത്ത നാരായണഭക്തയായ ആണ്ടാള്‍ രചിച്ച രണ്ടുകൃതികളില്‍ ഒന്നാണ് നാച്ചിയാര്‍ തിരുമൊഴി. തമിഴ്‌നാട്ടില്‍ പ്രചുരപ്രചാരം ലഭിച്ച കൃതിയിലെ വാരണമായിരം എന്ന ഭാഗമാണ് മോഹിനിയാട്ടം അവതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ആയിരം ആനകളുടെയുടെയും ദേവഗണങ്ങളുടെയും അകമ്പടിയോടെ നാരായണന്‍ തന്നെ വിവാഹംചെയ്യാന്‍ വരുന്നതായി ആണ്ടാള്‍ കാണുന്ന സ്വപ്‌നത്തിന്റെ വിവരണമാണിത്. വിവാഹത്തിന്റെ ഒരുക്കങ്ങളും ഇതിന് മുന്നോടിയായുള്ള ചടങ്ങുകളും മോഹിനിയാട്ടം രൂപത്തില്‍ അരങ്ങിലെത്തും. ആണ്ടാള്‍ കൃതികള്‍ ഭരതനാട്യം വേദികളില്‍ അവതരിപ്പിക്കാറുണ്ടെങ്കിലും മോഹിനിയാട്ടത്തില്‍ അങ്ങനെയൊരു ശ്രമം നടത്തിയതായി കേട്ടിട്ടില്ലെന്ന് ഉഷ പറയുന്നു.

മറ്റ് ശാസ്ത്രീയനൃത്തങ്ങളെപ്പോലെ മോഹിനിയാട്ടത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാനില്ല. എന്നാല്‍ തനത് കേരള നൃത്തരൂപമെന്ന നിലയില്‍ മലയാളികളുടെ അഭിമാനമാണ് മോഹിനിയാട്ടം. മലയാളകൃതികളുടെ അവതരണം കേരളത്തിനുള്ളില്‍ സ്വീകരിക്കപ്പെടുമെങ്കിലും സംസ്ഥാനത്തിന് പുറത്ത് എത്തുമ്പോള്‍ ആസ്വാദകരുടെ മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ അത്ര എളുപ്പമല്ല. ചെന്നൈ പോലെ കലാപാരമ്പര്യമുള്ള നഗരത്തില്‍ മോഹിനിയാട്ടത്തിന് കൂടുതല്‍ സ്വീകാര്യത കൊണ്ടുവരാന്‍ ഏറ്റവും മികച്ച മാര്‍ഗം പ്രാദേശികഭാഷയിലെ പ്രധാനകൃതികള്‍ അവതരണത്തിനായി തിരഞ്ഞെടുക്കുകയാണ് -ഉഷ പറയുന്നു. ഈ ചിന്തയില്‍ നിന്നാണ് ആണ്ടാള്‍ കൃതി ആധാരമാക്കി മോഹിനിയാട്ടം എന്ന ആശയം ഉടലെടുത്തത്. മാര്‍കഴി മഹോത്സവകാലത്ത് ഇത്തരം ഒരു ശ്രമത്തിന് പ്രസക്തിയേറെയാണ്.

പ്രശസ്ത സംഗീതജ്ഞ സീതാ രാജനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബുധനാഴ്ച നടക്കുന്ന പരിപാടിയില്‍ സുധാ ഈശ്വറും ഞായറാഴ്ച നന്ദിനി ശര്‍മയുമാണ് ഈ ഗാനം ആലപിക്കുന്നത്. നര്‍ത്തകി ബ്രഗ ബസലിന്റെ മാര്‍ഗനിര്‍ദേശത്തിലായിരുന്നു കൊറിയോഗ്രഫി തയ്യാറാക്കിയത്. ചലച്ചിത്രനിര്‍മാതാവ് സുരേഷ് ബാലാജിയുടെ ഭാര്യയായ ഉഷ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനിയാണ്. കലാമണ്ഡലം ക്ഷേമാവതിയാണ് ഗുരു.