ചെന്നൈ: സ്‌റ്റൈല്‍ മന്നനും ഉലകനായകനും രാഷ്ട്രീയത്തിലും മത്സരിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ടുപേരും സ്വന്തം പാര്‍ട്ടിയുണ്ടാക്കുമെന്ന് വ്യക്തമാക്കിയതോടെ സിനിമയില്‍ തുടര്‍ന്ന സൗഹൃദമത്സരം രാഷ്ട്രീയത്തിലും തുടരുമോയെന്നാണ് ആകാംക്ഷ. സിനിമയില്‍ പരസ്​പര ബഹുമാനത്തോടെയായിരുന്നു ഇരുവരും നീങ്ങിയത്. എന്നാല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഒഴിവാക്കാനാകാത്ത രാഷ്ട്രീയത്തില്‍ അതിന് സാധിക്കുമോയെന്ന ആശങ്ക രണ്ടുപേരുടെയും ആരാധകര്‍ക്കുണ്ട്.

രജനിയുടെ രാഷ്ട്രീയപ്രവേശനം വളരെ വര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്തതായിരുന്നുവെങ്കിലും കമലിന്റെ കാര്യമങ്ങനെയല്ല. ജയലളിതയുടെ മരണശേഷം പെട്ടെന്നുണ്ടായ സംഭവവികാസമാണത്. എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിനെതിരേ രൂക്ഷമായി പ്രതികരിച്ച കമലിന് മന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സര്‍ക്കാരുമായുള്ള പോര് മുറുകിയതോടെയാണ് കമല്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ആരാധകസംഘടനയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തി പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ രജനി ശ്രമിക്കുമ്പോള്‍ കമല്‍ പിന്തുടരുന്നത് ഹൈടെക് മാര്‍ഗമാണ്.

അഴിമതിയ്‌ക്കെതിരേ പ്രതികരിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി കളത്തിലിറങ്ങുമെന്നാണ് കമല്‍ അറിയിച്ചിരിക്കുന്നത്. ഈ മാസം കമലിന്റെ അഴിമതിവിരുദ്ധ ആപ്പ് പുറത്തിറങ്ങും. അതിനുശേഷമായിരിക്കും പാര്‍ട്ടി പ്രഖ്യാപനം. ഒരു സിനിമയുടെ തിരക്കഥ കൈയില്‍ കിട്ടിയാല്‍ അതുമായി ആറുമാസം ആലോചിച്ചതിന് ശേഷമായിരിക്കും താന്‍ അന്തിമ തീരുമാനമെടുക്കുന്നതെന്നും സിനിമയെക്കാള്‍ പതിന്മടങ്ങ് വലിയ രാഷ്ട്രീയത്തിലിറങ്ങാന്‍ കൂടുതല്‍ സമയമെടുക്കുമെന്നുമാണ് കമലിന്റെ വിശദീകരണം.

നിയമസഭാ തിരഞ്ഞെടുപ്പ് എന്ന് നടന്നാലും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് രജനീകാന്ത് പറയുന്നുണ്ടെങ്കിലും ഇത്തരത്തില്‍ പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച് ഏകദേശധാരണ നല്‍കാന്‍പോലും കമല്‍ഹാസന്‍ തയ്യാറായിട്ടില്ല. ഇതേസമയം രാഷ്ട്രീയത്തില്‍ രജനിയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാെണന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ സഹകരണം എത്തരത്തിലാകുമെന്നത് വ്യക്തമല്ല.