ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്തും സ്വാഗതം ചെയ്തും പ്രതികരണങ്ങള്‍. നടന്‍ കമല്‍ഹാസന്‍ രജനിയുടെ തീരുമാനത്തെ വരവേറ്റപ്പോള്‍ സംവിധായകനും നാം തമിഴര്‍ കക്ഷി നേതാവുമായ സീമാന്‍ എതിര്‍പ്പുമായി രംഗത്തിറങ്ങി. രാഷ്ട്രീയപ്രവേശനം രജനിയുടെ നല്ല തീരുമാനമാണെന്നും ആശംസകള്‍ നേരുന്നുവെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. മഹാരാഷ്ട്രക്കാരനായ രജനികാന്തിന് തമിഴ്‌നാടിനെ ഭരിക്കാന്‍ അവകാശമില്ലെന്നാണ് സീമാന്റെ പ്രതികരണം. സീമാനും മറ്റ് ചില തമിഴ് അനുകൂല സംഘടനകളും മുന്‍പും രജനിയുടെ രാഷ്ട്രീയ പ്രവേശത്തെ എതിര്‍ത്തിരുന്നു.

ആശങ്കയില്ല, ആശംസനേരുന്നു

രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ഡി.എം.കെ.യെ ബാധിക്കില്ല. വ്യക്തമായ നയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ഡി.എം.കെ. അത് മുന്നേറ്റം തുടരും. ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച രജിനികാന്തിന് ആശംസകള്‍ നേരുന്നു.

-സ്റ്റാലിന്‍

(ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ്)

ജനാധിപത്യത്തില്‍ ആര്‍ക്കും രാഷ്ട്രീയമാകാം

ജനധിപത്യ രാജ്യത്ത് ആര്‍ക്ക് വേണമെങ്കിലും രാഷ്ടീയത്തില്‍ ഇറങ്ങാനുള്ള അവകാശമുണ്ട്. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. അദ്ദേഹത്തിന് പുതുവത്സരാശംസകള്‍ നേരുന്നു.

ഒ. പനീര്‍ശെല്‍വം

(തമിഴ്‌നാട് ഉപമുഖ്യമന്ത്രി)