ചെന്നൈ: തിരുനെല്‍വേലിയില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ജില്ലാ അധികൃതരുടെ യോഗം വിളിച്ചുചേര്‍ത്തതിനെതിരേ മുഖ്യപ്രതിപക്ഷമായ ഡി.എം.കെ. രംഗത്ത്. സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ നേരിട്ട് ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന്‍ പ്രതികരിച്ചു. ഗവര്‍ണര്‍ ഇതേ നിലപാട് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സ്റ്റാലിന്‍ വ്യക്താക്കി. രണ്ടാഴ്ച മുന്‍പ് കോയമ്പത്തൂരില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തിരുനെല്‍വേലിയിലും അവലോകനയോഗം നടത്തിയതാണ് പ്രതിഷേധത്തിന് കാരണം.

തമിഴ്‌നാട്ടിലെ ജനങ്ങളെക്കുറിച്ച്് ആശങ്കയുണ്ടെങ്കില്‍ നിയമസഭായോഗം വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ എടപ്പാടി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയാണ് വേണ്ടതെന്ന് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനരഹിതമാണെന്ന് തെളിയിക്കുന്ന നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയുള്ളപ്പോള്‍ ഭരണത്തില്‍ നേരിട്ട് ഇടപെടാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. തമിഴ്‌നാട് കേന്ദ്ര ഭരണപ്രദേശമല്ല. ഇതിനെതിരേ ശക്തമായി പ്രതികരിക്കും-സ്റ്റാലിന്‍ പറഞ്ഞു.

സര്‍ക്കാരിനെ അനുമോദിക്കണമെങ്കില്‍ പ്രവര്‍ത്തനം വിലയിരുത്തണമെന്നും അതുകൊണ്ടാണ് അവലോകന യോഗം വിളിച്ച് ചേര്‍ക്കുന്നതെന്നുമായിരുന്നു കോയമ്പത്തൂരില്‍ നടത്തിയ യോഗത്തെക്കുറിച്ചുള്ള ഗവര്‍ണറുടെ പ്രതികരണം. ഭരണഘടന അനുസരിച്ച് തന്നെയാണ് തന്റെ പ്രവര്‍ത്തനമെന്നും ഇത് തുടരുമെന്നും വ്യക്തമാക്കിയിരുന്നു. ഡി. എം. കെ. കൂടാതെ കോണ്‍ഗ്രസ്, വി. സി. കെ, പി. എം .കെ. തുടങ്ങിയ പാര്‍ട്ടികളും ഗവര്‍ണറുടെ നടപടിയില്‍ അന്ന് പ്രതിഷേധിച്ചിരുന്നു.

എന്നാല്‍ ആദ്യ അവലോകനയോഗത്തെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങുന്നതിന് മുന്‍പ് ഗവര്‍ണര്‍ അടുത്ത യോഗം വിളിക്കുകയായിരുന്നു. തിരുനെല്‍വേലി ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇത് കൂടാതെ വ്യാഴാഴ്ച കന്യാകുമാരിയിലെത്തിയ ഗവര്‍ണര്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി.

കെ. റോസയ്യ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിനുശേഷം ഒരു വര്‍ഷത്തിലേറെയായി തമിഴ്‌നാട്ടില്‍ സ്ഥിരം ഗവര്‍ണറുണ്ടായിരുന്നില്ല. മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് തമിഴ്‌നാടിന്റെ അധിക ചുമതല നല്‍കിയിരിക്കുകയായിരുന്നു.

ജയലളിതയുടെ ആസ്​പത്രിവാസം, മരണം, എ.ഐ.എ.ഡി.എം.കെ. യിലെ പിളര്‍പ്പ് അടക്കമുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ സംസ്ഥാനത്ത് സ്ഥിരം ഗവര്‍ണറുണ്ടായിരുന്നില്ല. ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും മുംബൈയില്‍നിന്ന് വിദ്യാസാഗര്‍ റാവു എത്തുകയായിരുന്നു പതിവ്. ഒക്ടോബറിലാണ് അസം ഗവര്‍ണറായിരുന്ന ബന്‍വാരിലാല്‍ പുരോഹിതിനെ ഗവര്‍ണറായി നിയമിച്ചത്. ഗവര്‍ണര്‍ അധികാര പരിധിയില്‍നിന്നു തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് എടപ്പാടി സര്‍ക്കാരിന്റെ നിലപാട്.