ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദത്തെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ ശക്തമായ മഴപെയ്താലും നഗരത്തില്‍ 2015-ല്‍ സംഭവിച്ചതുപോലെ വെള്ളപ്പൊക്കത്തിന് സാധ്യതയില്ലെന്ന് മെട്രോ വാട്ടര്‍ അധികൃതര്‍.

നഗരത്തിലെ പ്രധാന ജലസംഭരണികളായ ചെമ്പരമ്പാക്കം, റെഡ്ഹില്‍സ്, ചോഴവാരം, പൂണ്ടി എന്നിവയിലെ മൊത്തം ജലസംഭരണശേഷി 11,257 ദശലക്ഷം ഘനയടിയാണ്. നാല് ജലസംഭരണികളിലുമായി ഇപ്പോള്‍ 5255 ദശലക്ഷം ഘനയടി വെള്ളം മാത്രമാണുള്ളത്. ജലസംഭരണികള്‍ സ്ഥിതിചെയ്യുന്ന തിരുവള്ളൂര്‍ ജില്ലയില്‍ വടക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ ഇതുവരെ 51 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. അത്രതന്നെ മഴ ഇനി പെയ്താലും സംഭരണികളില്‍ 90 ശതമാനം ജലശേഖരം മാത്രമേയുണ്ടാകുകയുള്ളൂ. ജലനിരപ്പ് 80 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്നാല്‍ ദിനവും ജലവിതരണം നടത്തുമെന്നും മെട്രോ വാട്ടര്‍ അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ നഗരത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലും നഗരപ്രാന്ത പ്രദേശങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസവുമാണ് വെള്ളം വിതരണംചെയ്യുന്നത്.

തുടര്‍ച്ചയായി കനത്ത മഴപെയ്ത 2015 ഡിസംബര്‍ ഒന്നിന് ചെമ്പരമ്പാക്കം ജലസംഭരണി തുറന്നുവിട്ടതിനെ തുടര്‍ന്ന് ചെന്നൈ പ്രളയത്തില്‍ മുങ്ങിയിരുന്നു. രണ്ടാഴ്ചയോളം ജനജീവിതം സ്തംഭിച്ചു. ശക്തിയായ മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ നഗരത്തില്‍ അഡയാര്‍ നദിയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയിലാണ്. 2015 ഡിസംബര്‍ ഒന്നിനാണ് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായത്.

78 അടി ഉയരമുള്ള ചെമ്പരമ്പാക്കം ജലസംഭരണിയുടെ മൊത്തം ശേഷി 3645 ദശലക്ഷം ഘനയടിയാണ്. ഇപ്പോള്‍ 1904 ദശലക്ഷം ഘനയടി വെള്ളമാണുള്ളത്. 3300 ദശലക്ഷം ഘനയടി സംഭരണ ശേഷിയുള്ള റെഡ്ഹില്‍സില്‍ 1688 ദശലക്ഷം ഘനയടി വെള്ളമാണുള്ളത്. 3231 ദശലക്ഷം ഘനയടി സംഭരണശേഷിയുള്ള പൂണ്ടിയില്‍ 1071 ദശലക്ഷം ഘനയടിയും 1081 ദശലക്ഷം ഘനയടി ശേഷിയുള്ള ചോളാവരത്ത് 592 ദശലക്ഷം ഘനയടിയും വെള്ളമുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശക്തമായ മഴ പെയ്യുകയാണെങ്കില്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2015-ല്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. തമിഴ്‌നാടിന്റെ തീരത്ത് വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള 4399 പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്.