ചെന്നൈ: മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ ഡി.എം.ഡി.കെ. നേതാവ് വിജയകാന്തിനെതിരേ ആലന്തൂര്‍ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കോടതിയില്‍ നേരിട്ടുഹാജരാകാനുള്ള നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എച്ച്.ജി. രമേശ് വാറന്റ് റദ്ദാക്കി ഉത്തരവിട്ടു. ആലന്തൂര്‍ കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാന്‍ വിജയകാന്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

നാലുവര്‍ഷം മുന്‍പാണ് ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ബാലുവിനെ വിജയകാന്ത് മര്‍ദിച്ചത്. വിമാനമി റങ്ങി പുറത്തേക്കുവരുന്നതിനിടെ ചോദ്യം ചോദിച്ചതാണ് വിജയകാന്തിനെ ചൊടിപ്പിച്ചത്. കേസില്‍ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും തുടര്‍ച്ചയായി രണ്ടുതവണ നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്.