ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ പ്രവര്‍ത്തകരില്‍ ദുഃഖം അണപൊട്ടി. അഞ്ജലി അര്‍പ്പിക്കുന്നതിനായി എത്തിവരുടെ വന്‍ തിരക്കായിരുന്നു ചൊവ്വാഴ്ച രാവിലെമുതല്‍ മറീന കടല്‍ക്കരയില്‍ അനുഭവപ്പെട്ടത്. സമാധിസ്ഥലത്തേക്ക് സംസ്ഥാനത്തിന്റെ നാലുഭാഗത്തുനിന്നും ആളുകളെത്തി. കനത്ത സുരക്ഷാസന്നാഹങ്ങളോടെയാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. സമാധിസ്ഥലത്തെത്തിയ സ്ത്രീകളില്‍ പലരും സ്ഥലകാലബോധം നഷ്ടപ്പെട്ടപോലെ അലറിക്കരയുന്നത് കാണാമായിരുന്നു. വൈകുന്നേരംവരെ തിരക്ക് തുടര്‍ന്നു.

സമാധി സ്ഥിതിചെയ്യുന്ന കാമരാജര്‍ശാലൈയില്‍ പുലര്‍ച്ചെ തന്നെ പോലീസ് വിന്യസിച്ചു. ഇവിടേക്കുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇ.പി.എസ്.-ഒ.പി.എസ്. വിഭാഗത്തിന്റെ റാലി മുന്‍നിര്‍ത്തി അണ്ണാശാലൈയിലും പോലീസ് അണിനിരന്നു. പളനിസ്വാമിയും പനീര്‍ശെല്‍വവും എത്തുന്നതിനുമുന്‍പുതന്നെ അണ്ണാ പ്രതിമയ്ക്കുമുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. കറുത്ത ഷര്‍ട്ട് ധരിച്ച് ഇവരും മറ്റു മന്ത്രിമാരും നേതാക്കളും എത്തിയതോടെ അണികള്‍ ജയലളിതയ്ക്ക് ജയ് വിളിച്ചു. പിന്നീട് ഇവിടെനിന്ന് മറീനിയിലേക്ക് റാലി ആരംഭിക്കുകയായിരുന്നു.

കാല്‍നടയായി രണ്ടുകിലോമീറ്ററോളം പിന്നിട്ട് സമാധി സ്ഥലത്തെത്തിയ ഇ.പി.എസിനും ഒ.പി.എസിനും പിന്നില്‍ ആയിരത്തേറെ പ്രവര്‍ത്തകര്‍ അണിനിരന്നു. റാലിക്കിടെ ജോഗിങ് നടത്തുന്നത് അനുകരിച്ചുകൊണ്ട് പളനിസ്വാമിക്കുമുന്നില്‍ പനീര്‍ശെല്‍വം കയറിയത് ആദ്യം ചിരി പടര്‍ത്തിയെങ്കിലും പെട്ടെന്ന് നേതാക്കള്‍ ഗൗരവക്കാരായി മാറി. സമാധിക്കുമുന്നില്‍ ദുഃഖിതരായി കാണപ്പെട്ട നേതാക്കള്‍ അരമണിക്കൂറിലേറെ അവിടെ ചെലവഴിച്ചു. സമീപമുളള എം.ജി.ആര്‍. സമാധിയിലും പുഷ്പചക്രം അര്‍പ്പിച്ചാണ് മടങ്ങിയത്.

ജയലളിതയുടെ ചിത്രവും വഹിച്ചുകൊണ്ടുള്ള തുറന്ന വാഹനത്തിലായിരുന്നു ദിനകരന്റെ സമാധിയിലേക്കുള്ള ദിനകരന്റെ വരവ്. തങ്കതമിഴ് സെല്‍വന്‍ എം.എല്‍.എ., മുന്‍മന്ത്രി പളനിയപ്പന്‍ അടക്കമുള്ളവര്‍ ദിനകരനൊപ്പം വാഹനത്തിലുണ്ടായിരുന്നു. സമാധിക്ക് തൊട്ടടുത്തേക്ക് എല്ലാവരെയും പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞുവെങ്കിലും ചെവിക്കൊള്ളാന്‍ ദിനകരന്‍ അനുകൂലികള്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് തര്‍ക്കമുണ്ടായി.

പുഷ്പാര്‍ച്ചന നടത്തി നേതാക്കള്‍ മടങ്ങിയതിനുശേഷവും സമാധിയിലെ ജനത്തിരക്കിന് കുറവുണ്ടായിരുന്നില്ല. ജയലളിത നടപ്പാക്കിയ ജനക്ഷേമപദ്ധതികള്‍ പറഞ്ഞുകൊണ്ടായിരുന്നു സ്ത്രീകളുടെ കരച്ചില്‍. പലരും റോഡില്‍ കുത്തിയിരുന്നു കരയുന്നത് കാണാമായിരുന്നു. കര്‍പ്പൂരം കത്തിച്ചും തേങ്ങ ഉടച്ചും പൂജകള്‍ ചെയ്തും അഞ്ജലി അര്‍പ്പിച്ചു. മറീന കൂടാതെ ചെന്നൈയില്‍ മറ്റുപലയിടങ്ങളിലും എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകര്‍ അനുസ്മരണച്ചടങ്ങുകള്‍ നടത്തി. കോയമ്പത്തൂര്‍, സേലം, മധുരയടക്കം പ്രധാന സ്ഥലങ്ങളിലും റാലിയും അനുസ്മരണച്ചടങ്ങുകളും നടന്നു.