ചെന്നൈ: അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന  മുന്നറിയിപ്പിനെത്തുടർന്ന് നഗരത്തിലും നഗര പ്രാന്ത പ്രദേശങ്ങളിലുമുള്ള വെള്ളക്കെട്ട് നീക്കാനുള്ള പണികൾ ഉർജിതമാക്കി. 
വേളാച്ചേരി, പള്ളിക്കരണൈ, മടുവാങ്കര, മടിപ്പാക്കം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് നീക്കാൻ കഴിഞ്ഞിട്ടില്ല. അനധികൃതമായി കൈയേറി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റി വെള്ളം നദികളിലേക്ക് ഒഴുക്കി വിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 

മങ്ങാട് സമീപമുള്ള ഓം ശക്തി നഗർ, ജനനിനഗർ, ശ്രീനിവാസ നഗർ, പത്മാവതി നഗറിലെ വെള്ളക്കെട്ട് കാരണം 1000-ത്തോളം കുടുംബങ്ങൾ ഇപ്പോഴും ദുരിതത്തിലാണ്. നസ്രത്ത്‌പേട്ടയിൽനിന്ന് വരുന്ന വെള്ളമാണ് മങ്ങാട് ഭാഗത്ത് കെട്ടി  നിൽക്കുന്നതെന്ന് തദ്ദേശവാസികൾ ആരോപിച്ചു.  മൂന്ന് കിലോ മീറ്റർ പ്രദേശത്തുള്ള വീടുകളിൽ  താമസിക്കുന്നവർ വെള്ളക്കെട്ടിനാൽ വീടിനുപുറത്ത് ഇറങ്ങാനാകാതെ ദുരിതത്തിലായിരിക്കയാണ്.  മങ്ങാട്, നസ്രത്ത്‌പേട്ടയിൽനിന്ന് ഒഴുകുന്ന വെള്ളം പോരൂർ തടാകത്തിലേക്ക് ഒഴുക്കിവിടാൻ നടപടി എടുക്കണമെന്നും തദ്ദേശവാസികൾ ആവശ്യപ്പെട്ടു. 

കനാലുകളിലുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ വെള്ളക്കെട്ട് ഇല്ലാതാക്കാൻ കഴിയില്ലെന്ന് ജനങ്ങൾ പറഞ്ഞു. നഗര പ്രാന്ത പ്രദേശമായ കോവിലമ്പാക്കം ടി.എൻ.പി.എസ്. കോളനിയോട് ചേർന്നുള്ള കനാലുകളിൽ അതിക്രമിച്ച് കെട്ടിടങ്ങൾ നിർമിച്ചതിലൂടെ ആ പ്രദേശം  വെള്ളക്കെട്ടിൽനിന്ന് മോചിതമായിട്ടില്ല. 80 അടിയായിരുന്ന കനാലിന്റെ വീതി 20 അടിയായി കുറഞ്ഞിരിക്കയാണ്. നികത്തിയ തടാകങ്ങൾ വീണ്ടെടുക്കാതെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയില്ലെന്ന് തദ്ദേശവാസികൾ പറഞ്ഞു.