ചെന്നൈ: കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടി സാധാരണക്കാരായ ജനങ്ങൾക്ക് സമ്മാനിച്ചത് ദുരിതം മാത്രമാണെന്ന് ഡി.എം.കെ. വർക്കിങ് പ്രസിഡന്റ് സ്റ്റാലിൻ. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാർഷികത്തിൽ ഡി.എം.കെ. നേതൃത്വത്തിൽ മധുരയിൽ നടത്തിയ കരിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ബാങ്കുകൾക്കും എ.ടി.എം. കൗണ്ടറുകൾക്കും മുന്നിൽ കാത്തു കിടക്കേണ്ട ഗതികേടിൽ ജനങ്ങളെ എത്തിച്ചത് നോട്ട് അസാധുവാക്കലാണ്. പണം മാറ്റാൻ വരിനിൽക്കേണ്ടി വന്നതിനെത്തുടർന്ന് പലരും കുഴഞ്ഞുവീണ് മരിച്ചെന്നും സ്റ്റാലിൻ പറഞ്ഞു.
 
ഒരു അർധരാത്രി നാം സ്വാതന്ത്ര്യം നേടിയെങ്കിൽ മറ്റൊരു അർധരാത്രി അത് നഷ്ടമായി. രാജ്യത്തെ 125 കോടി ജനങ്ങളെയും നിരാശയിലാക്കിയ ദിനമാണ് നവംബർ എട്ട്. കള്ളപ്പണം ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്ത ബി.ജെ.പി. വാക്ക് പാലിച്ചില്ല. കള്ളപ്പണം ഇല്ലാതാക്കൽ അടക്കമുള്ള ലക്ഷ്യങ്ങൾ നേടാൻ നോട്ട് അസാധുവാക്കൽകൊണ്ടു സാധിച്ചോയെന്നും സ്റ്റാലിൻ ചോദിച്ചു. കേന്ദ്ര സർക്കാരിന്റെ ആലോചനയില്ലാത്ത നടപടി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തു. ചെറുകിട വ്യവസായങ്ങളും അസംഘടിത മേഖലയും തകർന്നു.
 
ഒരു തയ്യാറെടുപ്പും കൂടാതെയാണ് നോട്ട് അസാധുവാക്കൽ നടപ്പാക്കിയത്. ജി.എസ്.ടി. നടപ്പാക്കിയതിലും പാകപ്പിഴകളുണ്ട്. പ്രതിപക്ഷം ഇവ ചൂണ്ടിക്കാട്ടിയപ്പോൾ അംഗീകരിച്ചില്ല. എന്നാൽ കഴിഞ്ഞദിവസം ഗുജറാത്തിൽ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പ്രസംഗിച്ച പ്രധാനമന്ത്രി ജി.എസ്.ടി.യിൽ മാറ്റം കൊണ്ടുവരുമെന്ന് അറിയിച്ചു. മുൻപ് പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് ഇപ്പോൾ സമ്മതിക്കുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കൽ അടക്കമുള്ള ജനദ്രോഹ നടപടികൾക്ക് മോദി മറുപടി പറയേണ്ട ദിനം വരുമെന്നും സ്റ്റാലിൻ പറഞ്ഞു. 
 
ചെന്നൈ അടക്കമുള്ള എട്ട് ജില്ലകൾ ഒഴിച്ച്‌ സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലും ഡി.എം.കെ.യുടെ നേതൃത്വത്തിൽ കരിദിനാചരണം നടത്തി. കോൺഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ സഖ്യകക്ഷികളും സമരത്തിൽ പങ്കെടുത്തു. സ്റ്റാലിൻ അടക്കമുള്ളവർ കറുത്ത വസ്ത്രം ധരിച്ചാണ് സമരത്തിൽ പങ്കെടുത്തത്. മധുരയിൽ നടന്ന സമരത്തിന് സ്റ്റാലിൻ നേതൃത്വം നൽകിയപ്പോൾ കനിമൊഴി എം.പി. കോയമ്പത്തൂരിൽ നടന്ന സമരത്തിൽ പങ്കെടുത്തു. മുതിർന്ന നേതാവ് ദുരൈമുരുഗന്റെ നേതൃത്വത്തിൽ തിരുച്ചിറപ്പള്ളിയിലെ സമരത്തിന് നേതൃത്വം നൽകി.