ചെന്നൈ: ജനമനസ്സുകളിൽ ഭീതിനിറച്ച് ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ തുടരുന്നു. ചൊവ്വാഴ്ച രണ്ടുപേർ കൂടി വൈദ്യുതാഘാതമേറ്റ്   മരിച്ചു. പുനമല്ലി പാപ്പൻ ചത്രത്തിലെ മുഹമ്മദ്  മിറാജ് (10), തണ്ടിയാർപ്പേട്ടയിൽ വിമൽകുമാർ(26) എന്നിവരാണ്   മരിച്ചത്. ഇതോടെ  മരിച്ചവരുടെ എണ്ണം 16 ആയി. ചെന്നൈയിൽ വെള്ളക്കെട്ടിന് അല്പം ആശ്വാസമായെങ്കിലും  കാഞ്ചീപുരം, തിരുവള്ളൂർ ജില്ലയിലെ തടാകങ്ങൾ നിറഞ്ഞ് വരുന്നതിനാൽ സമീപവാസികൾ ഭീതിയിലാണ്.

കാവേരി നദീതീര ജില്ലകളായ തഞ്ചാവൂർ, നാഗപട്ടണം, തിരുവാരൂർ എന്നിവിടങ്ങളിലെ 5,500 ഏക്കർ കൃഷിസ്ഥലത്ത് വെള്ളം കയറിയിട്ടുണ്ട്. നാഗപട്ടണത്ത് മഴയെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനാൽ 2000-ത്തിലധികം പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിൽ താമസിപ്പിച്ചിരിക്കയാണ്. 

തുടർന്നുള്ള ദിവസങ്ങളിൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശ്രീലങ്കയ്ക്ക് സമീപം രൂപം കൊണ്ടിരുന്ന ന്യൂനമർദം ദുർബലമായി കേരളത്തിന് സമീപത്തേക്ക് നീങ്ങിയിരിക്കയാണ്. അതിനാൽ ബംഗാൾ ഉൾക്കടലിൽനിന്ന് തമിഴ്‌നാട് വഴി കേരളത്തിലേക്ക്   ഈർപ്പമുള്ള കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ  തെക്കൻ ജില്ലകളിൽ മിതമായ മഴ പെയ്യാൻ സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ ഇടവിട്ട് മഴ പെയ്യും.

  ആൻഡമാൻ-നിക്കോബാർ ദ്വീപിന് സമീപം പുതിയ ന്യൂനമർദം രൂപം കൊണ്ടിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടിൽ മഴപെയ്യാൻ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൽനിന്ന് അറിയിച്ചു. ചെന്നൈയിലെ ജലസംഭരണികളായ പുഴൽ, ചെമ്പരമ്പാക്കം, പൂണ്ടി, ചോഴവാരം എന്നിവയിൽ ജലനിരപ്പ് ഉയർന്നുവരികയാണ്. ജലസംഭരണികളിലേക്ക് നീരൊഴുക്ക്  വർധിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പൊതുമാരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. നാല് സംഭരണികളിലുമായി 40 ശതമാനത്തിൽ താഴെ മാത്രമാണ് വെള്ളമുള്ളത്.