ചെന്നൈ: വെള്ളക്കെട്ട് നഗരത്തിന്റെ ശാപമായി തുടരുകയാണ്. ഒരു മഴപെയ്താല്‍ നഗരം വെള്ളക്കെട്ടിലാകുമെന്ന നഗരവാസികളുടെ പരാതി ശരിവെയ്ക്കുന്നതായിരുന്നു ഈ വര്‍ഷം വടക്കുകിഴക്കന്‍ കാലവര്‍ഷം ആരംഭിച്ചപ്പോഴും സംഭവിച്ചത്. നഗരത്തിന്റെ പല ചേരികളും നവംബര്‍ ഒന്നിന് പെയ്ത മഴയില്‍ത്തന്നെ വെള്ളത്തിലായി. എല്ലാ വര്‍ഷവും വെള്ളം കെട്ടി നില്‍ക്കാറുള്ള വ്യാസര്‍പ്പാടി , കൊരട്ടൂര്‍, അയനാവരം, നഗര പ്രാന്ത പ്രദേശമായ മുടിച്ചൂര്‍ ഉള്‍പ്പെടെയുള്ള താംബരത്തിന് സമീപപ്രദേശങ്ങള്‍, വേളാച്ചേരി എന്നിവിടങ്ങള്‍ വെള്ളക്കെട്ടിലായി. മാലിന്യം നീക്കംചെയ്യാത്തതിനാല്‍ തടാകങ്ങളും വളരെ പെട്ടെന്ന് നിറഞ്ഞതില്‍ കരവാസികളും ഭീതിലായി.

വെള്ളക്കെട്ടിന് എന്താണ് പരിഹാരം

2005-ല്‍ നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ മുതല്‍ ഓരോ മഴക്കാലത്തും മഴ പെയ്യുമ്പോള്‍ സര്‍ക്കാരും പ്രതിപക്ഷകക്ഷികളും മാധ്യമങ്ങളും വെള്ളക്കെട്ടിനെക്കുറിച്ച് ചര്‍ച്ച നടത്തും. 2015ല്‍ നഗരത്തില്‍ പ്രളയമുണ്ടായപ്പോള്‍ വെള്ളക്കെട്ടിനെ കുറിച്ചുളള വാദപ്രതിവാദങ്ങള്‍ ശക്തമായി നടന്നു. എന്നാല്‍, ഓരോ മഴയിലും വെള്ളക്കെട്ടിലാവുന്ന ജനങ്ങളെക്കുറിച്ച് ആരും ചിന്തിച്ചില്ല. വെള്ളക്കെട്ട് എങ്ങനെ ഇല്ലാതാക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച് അതത് പ്രദേശങ്ങളിലെ ജനങ്ങളില്‍നിന്ന് അധികൃതര്‍ നിര്‍ദേശങ്ങള്‍ തേടിയില്ല. വെള്ളക്കെട്ട് ബാധിതരില്‍നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയുള്ള സമഗ്ര റിപ്പോര്‍ട്ടുമുണ്ടാക്കിയില്ല. വെള്ളക്കെട്ടുണ്ടായപ്പോള്‍ ജനങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് പിന്നീടാരും അന്വേഷിക്കാറുമില്ല.

വെള്ളക്കെട്ടുണ്ടാകുമ്പോള്‍ അതത് കാലത്ത് അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ കൂടുതല്‍ പണം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. അല്ലാത്തപക്ഷം സംസ്ഥാന സര്‍ക്കാര്‍ തന്നെ കോടികളുടെ പദ്ധതി പ്രഖ്യാപിക്കും. അങ്ങനെ പ്രഖ്യാപിച്ച പദ്ധതികള്‍ ഏറെയാണ്. എന്നാല്‍, നടപ്പിലായ പദ്ധതികള്‍ എത്രയെന്ന് പ്രതിപക്ഷകക്ഷികള്‍ പോലും അന്വേഷിക്കാറില്ല. അധികാരി വര്‍ഗത്തിന്റെ അനാസ്ഥയും ജനങ്ങളുടെ ഇടപെലുകള്‍ കുറയുന്നതുംമൂലം വെള്ളക്കെട്ടിന് ശാശ്വതപദ്ധതികളൊന്നും നടക്കാറില്ല. ഇക്കൊല്ലം സംഭവിച്ചതും മറ്റൊന്നല്ല. ഓടകളിലെയും നദികളെയും മാലിന്യം നീക്കാന്‍ തുടങ്ങിയതുപോലും മഴ പെയ്ത് വെള്ളക്കെട്ടുണ്ടായതിന് ശേഷമാണ്.

2015 ഡിസംബര്‍ ഒന്നിന് പെയ്ത കനത്തമഴയില്‍ ചെമ്പരമ്പാക്കം ജലസംഭരണി തുറന്നുവിട്ടതിനെ തുടര്‍ന്ന് അഡയാര്‍ നദികവിഞ്ഞ് നഗരത്തില്‍ വെള്ളക്കെട്ടുണ്ടായതിന്റെ കാരണം അഴുക്കുചാല്‍ ശുചീകരിക്കാത്ത പ്രശ്‌നംകൊണ്ടായിരുന്നു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും ഭൂഗര്‍ഭ അഴുക്കുചാലിലേക്ക് പോകുന്ന ഗാര്‍ഹികമാലിന്യങ്ങളും അവശിഷ്ടങ്ങളും കൃത്യമായി നീക്കംചെയ്തിരുന്നില്ല. വെള്ളക്കെട്ടിനുള്ള കാരണങ്ങള്‍ പകല്‍പോലെ വ്യക്തമാണെങ്കിലും ശുചീകരണപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ എല്ലാം മെല്ലെപ്പോക്ക് നയത്തിലൊതുങ്ങും.

നഗരത്തിലെ അഴുക്കുചാല്‍ നവീകരണത്തിനായി 5000 കോടി രൂപയായിരുന്നു ആ വര്‍ഷം അനുവദിച്ചത്. ആ കോടികള്‍ എങ്ങോട്ടുപോയെന്ന് ആര്‍ക്കുമറിയില്ല. ഈ വര്‍ഷം വീണ്ടും 500 കോടി രൂപയാണ് ചെന്നൈ കോര്‍പ്പറേഷന്‍ അഴുക്കുചാല്‍ നവീകരണത്തിനും ശുചീകരണത്തിനുമായി നീക്കിവച്ചത്.

വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന ജനങ്ങളുടെ നികുതിപ്പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് ജനങ്ങളെ ബോധിപ്പിക്കാനുള്ള ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ട്.