ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന് ചൊവ്വാഴ്ച പിറന്നാള്‍. ഉലകനായകന്‍ പിറന്നാള്‍ദിനത്തില്‍ പുതിയപാര്‍ട്ടി പ്രഖ്യാപിക്കുമെന്നത് ഏകദേശം ഉറപ്പായതിനാല്‍ ഇത്തവണ ആരാധകര്‍ക്കിടയില്‍ മുന്‍പില്ലാത്ത ആവേശമാണ് കാണുന്നത്. തന്റെ രാഷ്ട്രീയപ്രവേശനത്തിലേക്കുള്ള ആദ്യ പടി 63-ാം പിറന്നാള്‍ ദിനത്തിലുണ്ടാകുമെന്ന് ഇതിനകം വ്യക്തമാക്കിയിരുന്ന കമല്‍ എന്തെല്ലാം പ്രഖ്യാപനകങ്ങളാകും ചൊവ്വാഴ്ച നടത്തുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞദിവസം നടന്ന ആരാധകരുടെ സമ്മേളനത്തില്‍ രാഷ്ട്രീയപ്രവേശനം ഉറപ്പിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി പ്രഖ്യാപനം വൈകുമെന്നാണ് സൂചന.

ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും അഭിപ്രായം അറിയുന്നതിനുമായി മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം പിറന്നാള്‍ദിനത്തിലുണ്ടാകുമെന്നു അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ ജനങ്ങള്‍ക്കിടയിലേക്കു കടന്നുചെല്ലാന്‍ എന്തെല്ലാം പരിപാടികളായിരിക്കും സംഘടിപ്പിക്കുകയെന്നാണ് അറിയാനുള്ളത്.

സംസ്ഥാനമൊട്ടുക്ക് ജലാശയ നവീകരണംനടത്താന്‍ നടപടിയെടുക്കുമെന്നു കര്‍ഷകരുടെ യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ ഒട്ടേറെ പ്രചാരണ പരിപാടികളും പ്രതീക്ഷിക്കുന്നു.

പാര്‍ട്ടി നടത്താന്‍ പണംവേണമെന്നും ജനങ്ങള്‍ അതു നല്‍കുമെന്നുമാണു കമലിന്റെ പ്രതീക്ഷ. ധനസമാഹരണ പരിപാടിക്കും പ്രചാരണ പരിപാടിക്കും തുടക്കം കുറിക്കുമെന്നാണ് അറിയുന്നത്. ആം ആദ്മി പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ കെജ്രിവാളും കൂട്ടരും സ്വീകരിച്ച തരത്തില്‍ നൂതനമായ രീതിയില്‍ പണം കണ്ടെത്താനാകും ശ്രമമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കെജ്രിവാളിനൊപ്പം ഡിന്നര്‍ തുടങ്ങിയ ആശയങ്ങളായിരുന്നു ആം ആദ്മി തുടക്കത്തില്‍ ധനശേഖരണത്തിനായി സ്വീകരിച്ചത്. പാര്‍ട്ടിക്കു വേണ്ടി ജനങ്ങള്‍ നല്‍കുന്ന ഒരോ രൂപയ്ക്കും കണക്കുണ്ടായിരിക്കുമെന്നാണ് കഴിഞ്ഞദിവസം കമല്‍ നല്‍കിയ ഉറപ്പ്.