Chennaiചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയെ സന്ദര്‍ശിച്ചത് ഐ.എ.ഡി.എം.കെ.യെ സമ്മര്‍ദത്തിലാക്കുന്നു. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും വെറും സൗഹൃദം മാത്രമാണെന്ന് ഡി.എം.കെ., ബി.ജെ.പി. നേതാക്കള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും എ.ഐ.എ.ഡി.എം.കെ.യിലെ ഇ.പി.എസ്.-ഒ.പി.എസ്. വിഭാഗങ്ങള്‍ആശങ്കയിലാണ്. 'മോദി ഒപ്പമുള്ളതു കൊണ്ട് നമുക്ക് ഒന്നും ഭയക്കേണ്ടതില്ലെന്ന' ഇവരുടെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്ന നടപടിയാണിതെന്നും വിലയിരുത്തലുണ്ട്.

ബി.ജെ.പി.യെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴും ഇവരുമായി തൊട്ടുകൂടായ്മയില്ലെന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കരുണാനിധി വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച ഡി.എം.കെ. എന്‍.ഡി.എ. സഖ്യത്തില്‍ പങ്കാളികളാകാന്‍ തയാറായില്ലെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം ഒരു കൈനോക്കാമെന്ന മട്ടില്‍ പ്രസ്താവന നടത്താന്‍ അന്ന് കരുണാനിധി മറന്നില്ല. മിടുക്കനായ നേതാവെന്ന് മോദിയെ പുകഴ്ത്തിയ കലൈഞ്ജര്‍ വാജ്‌പേയ് കാലത്തെ എന്‍.ഡി.എ. ബന്ധത്തെ അനുസ്മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ. സംപൂജ്യരാകുകയായിരുന്നു.

നിലവില്‍ എ.ഐ.എ.ഡി.എം.കെ.യാണ് അധികാരത്തിലെങ്കിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്തെ സ്ഥിതിയല്ല ഇപ്പോള്‍ തമിഴകത്തുള്ളത്. ജയയുടെ മരണത്തോടെ അനാഥരായ എ.ഐ.എ.ഡി.എം.കെ.യെ കേന്ദ്ര സര്‍ക്കാര്‍ 'ദത്തെടുത്തുവെങ്കിലും' പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ സഖ്യത്തിന് ശോഭനമായ ഭാവി പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും സൂചനയുണ്ട്.

അതിനാല്‍ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്നെയാകും മോദി തന്റെ സൗഹൃദ സന്ദര്‍ശത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും വിലയിരുത്തലുണ്ട്. അതിശക്തമായി എതിര്‍ക്കുന്നവര്‍ക്കു മുന്നിലും വാതില്‍തുറന്നിടുന്ന തന്ത്രം ബി.ജെ.പി. ബിഹാറില്‍ വിജയകരമായി നടപ്പാക്കിയിരുന്നു.

രാഷ്ട്രീയശത്രുക്കളെ രഹസ്യമായി 'സ്‌നേഹിക്കുന്ന' കാര്യത്തില്‍ കരുണാനിധിയും പിന്നിലല്ല. എന്നാല്‍ ഈ തന്ത്രം സ്റ്റാലിന്‍ എത്രമാത്രം ഉള്‍ക്കൊള്ളുമെന്നതിനെയും ആശ്രയിച്ചിരിക്കും പുതിയ സഖ്യസാധ്യത.

വാജ്‌പേയ് സര്‍ക്കാരിന്റെകാലം മുതല്‍ രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലം വരെ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായിരുന്നു ഡി.എം.കെ. ഡല്‍ഹിയിലെ സ്വാധീനം ഉറപ്പിക്കാന്‍ ബി.ജെ.പി.യുമായുള്ള ചങ്ങാത്തം ഉപകരിക്കുമെന്ന കണക്കുകൂട്ടല്‍ ഡി.എം.കെ.യെ എന്‍.ഡി.എ. അനുകൂലനിലപാടിലേക്ക് നയിച്ചേക്കാം.

രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട കേസിലടക്കം വിജയം നേടാമെന്ന് ഇ.പി.എസ്.-ഒ.പി.എസ്. വിഭാഗം കണക്കുകൂട്ടുന്നതിന് കാരണം കേന്ദ്ര സര്‍ക്കാരുമായുള്ള അടുപ്പമാണെന്ന്, മോദിയുള്ളപ്പോള്‍ നമുക്ക് ഒന്നും ഭയക്കേണ്ടന്ന ക്ഷീരവികസന മന്ത്രി രാജേന്ദ്ര ബാലാജിയുടെ പ്രസ്താവനയില്‍നിന്ന് വ്യക്തമായിരുന്നു. ആര്‍.കെ. നഗറില്‍ വോട്ടിന് പണം നല്‍കിയ കേസില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയടക്കമുള്ള നേതാക്കള്‍ പ്രതികളാണ്. ആരോഗ്യ മന്ത്രി വിജയ്ഭാസ്‌കര്‍ അടക്കമുള്ളവര്‍ക്കുനേരെയുള്ള ആദായനികുതി വകുപ്പ് അന്വേഷണവുമുണ്ട്. ഇത്തരത്തില്‍ പ്രതിസന്ധി ഏറെയുള്ളപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണകൂടി നഷ്ടമായാല്‍ പളനിസ്വാമിയും പനീര്‍ശെല്‍വവും ത്രിശങ്കുവിലാകും. എന്നാല്‍ നോട്ട് നിരോധനം കരിദിനമായി ആചരിക്കുന്നത് അടക്കമുള്ള കേന്ദ്ര വിരുദ്ധ സമരങ്ങള്‍ ഡി.എം.കെ. തുടരുന്നിടത്തോളം ഇ.പി.എസും ഒ.പി.എസും സുരക്ഷിതരാണ്.