ചെന്നൈ: ചെന്നൈയില്‍ ഇടയ്ക്കിടെ രാത്രി മഴലഭിക്കുന്നുണ്ടെങ്കിലും കുടിവെള്ളക്ഷാമം പൂര്‍ണമായി പരിഹരിക്കാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടിവരുമെന്നാണ് സംഭരണികളിലെ ജലനിരപ്പ് നല്‍കുന്ന സൂചന. സംസ്ഥാനത്ത് മൊത്തത്തില്‍ തെക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ 30 ശതമാനം അധികമഴ ലഭിച്ചിരുന്നെങ്കിലും ചെന്നൈയില്‍ ഇത് 15 ശതമാനം മാത്രമായിരുന്നു. ജൂണ്‍മുതല്‍ സെപ്റ്റംബര്‍വരെ സംസ്ഥാനത്ത് ശരാശരി 39 സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞവര്‍ഷം വടക്കുകിഴക്കന്‍ കാലവര്‍ഷം കനിയാത്തതിനാല്‍ നഗരത്തിലെ പ്രധാന ജലസ്രോതസ്സുകളായ ചെമ്പരമ്പാക്കം, പൂണ്ടി, പുഴല്‍, ചോഴവാരം എന്നിവ വറ്റിവരണ്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ജലസംഭരണികളിലേക്ക് ഒഴുകിയെത്തിയത് മൊത്തം സംഭരണശേഷിയുടെ നാലു ശതമാനം വെള്ളം മാത്രമാണ്. എന്നാല്‍, സംസ്ഥാനത്തെ മറ്റു ജലസംഭരണികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കയാണ്. കാവേരി നദീതീരപ്രദേശങ്ങളിലേക്ക് മേട്ടൂര്‍ അണക്കെട്ടില്‍നിന്ന് തിങ്കളാഴ്ച വെള്ളം തുറന്നുവിട്ടു. എന്നാല്‍, ശക്തമായ മഴപെയ്താല്‍ മാത്രമേ നഗരത്തിലെ ജലസംഭരണികളിലേക്ക് നീരൊഴുക്ക് വര്‍ധിക്കൂവെന്ന് മെട്രോ വാട്ടര്‍ അധികൃതര്‍ പറയുന്നു. അതുവരെ നഗരത്തിലെ കുടിവെള്ളക്ഷാമം തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. നാലു സംഭരണികളുടെയും മൊത്തം സംഭരണശേഷി 11,057 ദശലക്ഷം ഘനയടി വെള്ളമാണ്. ഇപ്പോള്‍ 568 ദശലക്ഷം ഘനയടി വെള്ളമാണ് സംഭരണികളിലുള്ളത്.

വടക്കുകിഴക്കന്‍ കാലവര്‍ഷം എപ്പോള്‍ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രത്തില്‍നിന്ന് പ്രവചനമുണ്ടായിട്ടില്ല. നഗരത്തിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കണമെങ്കില്‍ വടക്കുകിഴക്കന്‍ കാലവര്‍ഷമഴ നന്നായി പെയ്യണം.

അതേസമയം മേട്ടൂര്‍ അണക്കെട്ടിലേക്ക് നീരാഴുക്ക് വര്‍ധിച്ചതില്‍ വീരാനം തടാകത്തില്‍നിന്ന് ചെന്നൈയിലേക്ക് വെള്ളമെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ രണ്ടാഴ്ചക്കുള്ളില്‍ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് മെട്രോ വാട്ടര്‍ അധികൃതര്‍ പറഞ്ഞു.

മേട്ടൂര്‍ അണക്കെട്ടില്‍നിന്ന് തിങ്കളാഴ്ച തുറന്നുവിട്ട വെള്ളം ആറു ദിവസംകൊണ്ട് തിരുച്ചിറപ്പള്ളിയിലെ കല്ലണ അണക്കെട്ടിലെത്തും. കല്ലണ അണക്കെട്ടില്‍നിന്ന് ജലസേചനത്തിനായുള്ള വടവാര്‍ തോടിലൂടെ വീരാനം തടാകത്തിലെത്തും. തുടര്‍ന്ന് വീരാനത്തില്‍നിന്ന് നഗരത്തിലെ ജലസംഭരണികളിലെത്തിക്കും.

കഴിഞ്ഞ രണ്ടു മാസങ്ങളിലായി ശക്തമായ മഴപെയ്യുന്നതിനാല്‍ തമിഴകത്തിന്റെ മധ്യ-തെക്കന്‍ ജില്ലകളിലെ അണക്കെട്ടുകള്‍ നിറഞ്ഞിരിക്കയാണ്. അതിനാല്‍ വീരാനം തടാകത്തില്‍നിന്ന് ചെന്നൈയിലേക്ക് വെള്ളമെത്തിക്കാന്‍ വലിയ പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് ജലസേചനവകുപ്പും കരുതുന്നത്.