ചെന്നൈ: മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാംഘട്ട വികസനത്തിന്റെ ഭാഗമായ വാഷര്‍മാന്‍പേട്ട്-വിംകോ നഗര്‍ റൂട്ടിലെ ഭൂഗര്‍ഭപാതയ്ക്കു വേണ്ടിയുള്ള തുരങ്ക നിര്‍മാണം പൂര്‍ത്തിയായി.

ടണല്‍ ബോറിങ് യന്ത്രമുപയോഗിച്ച് വാഷര്‍മാന്‍പേട്ട് മുതല്‍ കുറുക്കുപ്പേട്ട് വരെയുള്ള പാതയാണ് തയ്യാറാക്കിയിരിക്കുന്നത്. രണ്ടുകിലോമീറ്ററോളം ദൂരത്തിലുള്ള പാതയുടെ പണികള്‍ നിശ്ചയിച്ച സമയ പരിധിക്ക് അഞ്ചു മാസത്തോളം മുന്‍പു തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്ന് ചെന്നൈ മെട്രോ അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയായിരുന്നു അനുവദിച്ചിരുന്ന സമയപരിധി.

കഴിഞ്ഞവര്‍ഷം ജൂലായില്‍ ആരംഭിച്ച നിര്‍മാണം അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിതയാണ് ഉദ്ഘാടനം ചെയ്തത്. ദിവസം 11 മീറ്റര്‍ എന്ന നിലയില്‍ തുരങ്ക നിര്‍മാണം നടത്താന്‍ സാധിച്ചു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടവികസനത്തിന്റെ ഭാഗമായാണ് വാഷര്‍മാന്‍പേട്ട് അവസാനിച്ചിരുന്ന പാത വിംകോ നഗര്‍ വരെയുള്ള ഒന്‍പതു കിലോമീറ്റര്‍ കൂടി നീട്ടാന്‍ തീരുമാനിച്ചത്. ഇതില്‍ ഉള്‍പ്പെട്ടുന്ന 1.8 കിലോമീറ്റര്‍ തുരങ്കപാതയാണ് വാഷര്‍മാന്‍പേട്ട്-കുറുക്കുപ്പേട്ട്. ബാക്കിയുള്ള ഭാഗം ആകാശപാതയാണ്.