ചെന്നൈ: ഏഴ് വയസ്സുകാരിയെ കൊന്ന കേസില്‍ അറസ്റ്റിലായ യുവാവിന് ജാമ്യം നല്‍കിയ കോടതി നടപടിയെ കുട്ടിയുടെ അച്ഛന്‍ വിമര്‍ശിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ മാങ്കാട് മുഗളിവാക്കത്തെ ഹാസിനി ചന്ദ്രുവിനെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ സോഫ്റ്റ് വേര്‍ എന്‍ജിനീയറായ തഷ്വന്ത് (22) അറസ്റ്റിലായിരുന്നു. ഇയാളുടെ പേരില്‍ പിന്നീട് ഗുണ്ടാനിയമം ചുമത്തിയിരുന്നു. ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായാല്‍ ജാമ്യം ലഭിക്കില്ല. പ്രതിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയില്‍ ഗുണ്ടാനിയമം റദ്ദാക്കി മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. കേസില്‍ വിചാരണ തുടങ്ങുന്നതിനുമുമ്പുതന്നെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടിയെ വിമര്‍ശിച്ച് അച്ഛന്‍ ചന്ദ്രുവാണ് പത്ര സമ്മേളനം നടത്തിയത്.

തഷ്വന്തിനെ ജാമ്യത്തില്‍ പുറത്തുകൊണ്ടു വരുമെന്ന് തഷ്വന്തിന്റെ പിതാവ് വെല്ലുവിളിച്ചിരുന്നെന്നും ചന്ദ്രു പറഞ്ഞു. മുഗളിവാക്കത്തെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന തഷ്വന്ത്, അതേ ഫ്‌ലാറ്റില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ വൈകീട്ട് ഫ്‌ളാറ്റിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് തട്ടിക്കൊണ്ടുപോയി കൊന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം പാതി കത്തിച്ചനിലയിലാണ് കണ്ടെത്തിയത്.

ഹാസിനിയുടെ മരണം ഏല്പിച്ച ആഘാതത്തില്‍ തളര്‍ന്നുപോയ തന്റെ ഭാര്യ ഇപ്പോഴും സാധാരണ നിലയിലേക്ക് തിരിച്ചുവന്നിട്ടില്ല. ഉറങ്ങിയിട്ട് ദിവസങ്ങളായി. എന്നാല്‍ പ്രതി സ്വതന്ത്രമായി നടക്കുകയാണ്. പ്രതിയെ ജയിലിലടയ്ക്കുകയും കേസില്‍ വിചാരണ ആരംഭിക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.