ചെന്നൈ: നിര്‍മാതാക്കളുടെ സംഘടനയുമായുള്ള തര്‍ക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ചമുതല്‍ സമരം നടത്താന്‍ തീരുമാനിച്ചതായി സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി) അറിയിച്ചു.
 
ഫെഫ്‌സില്‍ അംഗമായ തൊഴിലാളികളെ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട ജോലികളില്‍ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശം പിന്‍വലിക്കണം, മുന്‍പു നിശ്ചയിച്ച നിരക്കിലുള്ള വേതനം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് ഫെഫ്‌സി പ്രസിഡന്റ് ആര്‍.കെ. സെല്‍വമണി വ്യക്തമാക്കി.

ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഫെഫ്‌സിയില്‍ അംഗങ്ങളായ തൊഴിലാളികളില്‍ ചിലര്‍ വേതനവര്‍ധന ആവശ്യപ്പെട്ടു ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് നിര്‍മാതാക്കളും സാങ്കേതിക പ്രവര്‍ത്തകരും തമ്മില്‍ പോരുതുടങ്ങിയത്. ഫെഫ്‌സിയില്‍ ഉള്‍പ്പെടാത്തവരെവെച്ച് സിനിമ ചിത്രീകരണം നടത്തുമെന്നു പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിശാല്‍ നിര്‍ദേശം നല്‍കിയിരുന്നു.
 
ഇതേത്തുടര്‍ന്ന് ഫെഫ്‌സി നേതൃത്വം നിലപാട് മയപ്പെടുത്തുകയും ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു. എന്നാല്‍, പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടാകാതെവന്നതോടെ സമരം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.