ചെന്നൈ: രണ്ടുമാസത്തെ ട്രോളിങ് നിരോധനത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷയോടെ കടലിലേക്ക്. ബുധനാഴ്ച അര്‍ധരാത്രിയാണ് ഇവര്‍ മീന്‍വലകളുമായി അലങ്കരിച്ച ബോട്ടുകളില്‍ കടലിലിറങ്ങിയത്.

വരുംദിനങ്ങളില്‍ മത്സ്യവിപണിക്ക് വീണ്ടും ഉണര്‍വുണ്ടാവും. ചെന്നൈയിലെ കാശിമേട്, റോയപുരം തീരപ്രദേശങ്ങള്‍ ബുധനാഴ്ച ഉന്‍മേഷത്തിലായിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തി ബോട്ടുകള്‍ തയ്യാറായിനിന്നു. ഐസ് നിര്‍മാണ ഫാക്ടറിയില്‍നിന്ന് ഐസ്‌കട്ടകള്‍ വണ്ടികളില്‍ നിറച്ചുവെച്ചു. ഹാര്‍ബറിലെ ഒഴിഞ്ഞസ്ഥലങ്ങളില്‍ പൊട്ടിയ വലകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലായിരുന്നു ചിലര്‍. മറ്റുചിലര്‍ വണ്ടികളില്‍ പുതിയ വലകള്‍ കൊണ്ടിറക്കുന്നു. യന്ത്രവത്കൃത ബോട്ടുകളില്‍ ഡീസല്‍കാനുകള്‍ അടുക്കിവെക്കുന്നവരും ധാരാളം.

ആഹാരം പാകം ചെയ്യാനുള്ള പാത്രങ്ങളും ഗ്യാസ് സ്റ്റൗവും കുടിവെള്ളവുമുള്‍പ്പെടെയുള്ള സാമഗ്രികളും ബോട്ടില്‍ നിറച്ചു. കാശിമേട് മീന്‍ചന്തയിലും വില്‍പ്പനയ്ക്കുളള ഒരുക്കങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. പലരും കടകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി മോടിപിടിപ്പിച്ചു. ചെന്നൈയിലും പരിസരപ്രദേശങ്ങളിലും ചില്ലറവിപണിയിലേക്ക് കൂടുതല്‍ മത്സ്യം എത്തുന്നത് കാശിമേട് നിന്നാണ്. വാനഗരത്ത് വിപുലമായ മത്സ്യമാര്‍ക്കറ്റ് ഉണ്ടെങ്കിലും മംഗലാപുരത്തുനിന്ന് മറ്റുമെത്തുന്ന മീനാണത്രെ കൂടുതലായും ഇവിടെ വില്‍ക്കുന്നത്.

മീന്‍പിടിത്തക്കാരുടെ ജീവിതവും വല്ലപ്പോഴും വന്നുവീഴുന്ന ചാകരപോലെയാണ്. പത്തുനാള്‍ കടലിലിറങ്ങിയാല്‍ ചിലപ്പോള്‍ ധാരാളം പണം കിട്ടും. മറ്റു ചിലപ്പോള്‍ വരുമാനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരില്ല. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഒറ്റത്തവണ കടലില്‍ ബോട്ടുമായി പോകാന്‍ ചുരുങ്ങിയത് രണ്ടുമുതല്‍ മൂന്നുലക്ഷം രൂപ വരെ ഉടമകള്‍ക്ക് ചെലവുണ്ട്. യന്ത്രവത്കൃതബോട്ടുകള്‍ക്കുള്ള ഡീസലിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഒരാഴ്ച മീന്‍പിടിക്കാന്‍ ചുരുങ്ങിയത് മൂന്നുലക്ഷം രൂപ വരെ ചെലവുവരുന്നുണ്ട്. വലിയബോട്ടുകളില്‍ 5500 മുതല്‍ 6000 ലിറ്റര്‍ വരെ ഡീസല്‍ സംഭരിച്ചാണ് കടലില്‍ ഇറങ്ങാറുള്ളത്. ചെറുബോട്ടുകള്‍ക്ക് ചുരുങ്ങിയത് 2000 ലിറ്റര്‍ ഇന്ധനം വേണ്ടിവരും. തൊഴിലാളികളുടെ വേതനവും ഭക്ഷണച്ചെലവുമൊക്കെ കഴിഞ്ഞ് സാമാന്യം മെച്ചപ്പെട്ട വരുമാനം ലഭിക്കാറുണ്ടെന്നും മീന്‍ ലഭ്യത കുറഞ്ഞാല്‍ ചിലപ്പോള്‍ നഷ്ടവുമുണ്ടാകുമെന്നും റോയപുരത്തെ ബോട്ടുടമകള്‍ പറയുന്നു.

ചെന്നൈയിലെ റോയപുരം, കാശിമേട് മത്സ്യബന്ധന മേഖലകളില്‍ മാത്രം 2000 രണ്ടായിരത്തോളം ബോട്ടുകള്‍ കടലില്‍ ഇറക്കുന്നുണ്ട്. മൂന്നരലക്ഷത്തോളം മീന്‍പിടുത്തക്കാര്‍ ബോട്ടുകളില്‍ ജോലിചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട മറ്റിതരജോലികളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണവും ലക്ഷത്തില്‍ക്കവിയുമെന്നാണ് കാശിമേട് മീനവര്‍ സംഘം പ്രതിനിധികള്‍ പറയുന്നത്. ഒരു ബോട്ടില്‍ ചുരുങ്ങിയത് ഏഴുമുതല്‍ പത്തുവരെ തൊഴിലാളികള്‍ ഉണ്ടാകും. കുടിവെള്ളവും അരിയും പാചകസാമഗ്രികളുമെല്ലാം കയറ്റിയാണ് ഇവരുടെ യാത്ര. പുറപ്പെട്ടാല്‍ അഞ്ചുമുതല്‍ പത്തുദിവസം വരെ നടുക്കടലിലായിരിക്കും ഇവരുടെ ദിനരാത്രങ്ങള്‍. ട്രോളിങ് നിരോധന സമയത്തുളള സര്‍ക്കാര്‍ സഹായം കൊണ്ട് കുടുംബം പുലര്‍ത്താന്‍ പ്രയാസമാണെന്നാണ് മീന്‍പിടുത്തക്കാര്‍ പറയുന്നത്.