Chennaiചെന്നൈ: ഒക്ടോബർ 21-ന് തമിഴ്‌നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിക്രവാണ്ടിയിലെ സ്ഥാനാർഥിയെ ഡി.എം.കെ. പ്രഖ്യാപിച്ചു. പാർട്ടിയുടെ വിഴുപുരം ജില്ലാ ഖജാൻജി എൻ. പുകഴേന്തിയാണ് ഡി.എം.കെ.ക്ക്‌ വേണ്ടി കളത്തിലിറങ്ങുക.

ചൊവ്വാഴ്ച രാവിലെ അണ്ണാഅറിവാളയത്തിൽ നടന്ന അഭിമുഖത്തിനുശേഷം ഡി.എം.കെ. പ്രസിഡന്റ് എം.കെ. സ്റ്റാലിനാണ് പുകഴേന്തിയുടെ പേര് പ്രഖ്യാപിച്ചത്. ആദ്യമായാണ് പുകഴേന്തി മത്സരിക്കുന്നത്. വിക്രവാണ്ടിക്കു പുറമെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നങ്കുനേരിയിൽ ഡി.എം.കെ. സഖ്യത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരിക്കും മത്സരിക്കുക. പുതുച്ചേരി കാമരാജ് നഗർ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

എ.ഐ.എ.ഡി.എം.കെ.യുടെ സ്ഥാനാർഥി നിർണയം അവസാനഘട്ടത്തിലാണ്. മത്സരിക്കാൻ അപേക്ഷ നൽകിയവരുമായി എടപ്പാടി പളനിസ്വാമിയും ഒ. പനീർശെൽവവും അഭിമുഖം നടത്തുന്നുണ്ട്. പി.എം.കെ., ഡി.എം.ഡി.കെ., ബി.ജെ.പി. തുടങ്ങിയ പാർട്ടികളാണ് എ.ഐ.എ.ഡി.എം.കെ. സഖ്യത്തിലുള്ളത്. കമൽഹാസന്റെ മക്കൾ നീതി മയ്യവും ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റകഴകവും മത്സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഭരണകക്ഷിയും പ്രതിപക്ഷവും സ്ഥാനം നിലനിർത്താൻ വേണ്ടി നടത്തുന്ന പോരാട്ടം മാത്രമാണിതെന്നാണ് കമൽഹാസന്റെ അഭിപ്രായം. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇനിയും ഔദ്യോഗിക ചിഹ്നം അനുവദിക്കാത്തതിനെത്തുടർന്നാണ് മത്സരത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് അമ്മ മക്കൾ മുന്നേറ്റകഴകം നേതാവ് ടി.ടി.വി. ദിനകരന്റെ പ്രതികരണം.

എച്ച്. വസന്തകുമാർ കന്യാകുമാരി എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് നങ്കുനേരി നിയമസഭാ മണ്ഡലത്തിൽ ഒഴിവുണ്ടായത്. ഡി.എം.കെ. എം.എൽ.എ രാധാമണിയുടെ മരണമാണ് വിക്രവാണ്ടിയിൽ തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാനദിവസം 30 ആണ്. വോട്ടെണ്ണൽ ഒക്ടോബർ 24-ന് നടക്കും.

Content Highlights: By election Tamil Nadu