ചെന്നൈ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വിക്രവാണ്ടി നിയമസഭാ മണ്ഡലത്തിൽ ഡി.എം.കെ. യുവജനവിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യം. സ്ഥാനാർഥിയാകാൻ പാർട്ടി അംഗങ്ങളിൽനിന്ന് അപേക്ഷ സ്വീകരിച്ചിരുന്നു. ഉദയനിധിയെ സ്ഥാനാർഥിയാക്കുന്നതിനുവേണ്ടി ലോക്‌സഭാംഗമായ ഗൗതം സികാമണിയാണ് അപേക്ഷ സമർപ്പിച്ചത്. ഉദയനിധി സ്ഥാനാർഥിയാകുന്നതോടെ വിക്രവാണ്ടി താരമണ്ഡലമാകുമെന്നും ഇത്‌ പാർട്ടിയ്ക്ക് ഗുണകരമാകുമെന്നും അപേക്ഷ സമർപ്പിച്ചതിനുശേഷം ഗൗതം സികാമണി പറഞ്ഞു.

അപേക്ഷ സമർപ്പിച്ചവരുമായി പാർട്ടി അധ്യക്ഷൻ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പാനൽ നടത്തുന്ന അഭിമുഖത്തിനുശേഷമായിരിക്കും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ചൊവ്വാഴ്ച രാവിലെ 10-ന് പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ അഭിമുഖം നടക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ നാങ്കുനേരിയിൽ ഡി.എം.കെ. സഖ്യത്തിൽ കോൺഗ്രസാണ് മത്സരിക്കുന്നത്. ഇരുമണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ എ.ഐ.എ.ഡി.എം.കെ. നേതൃത്വം അഭിമുഖം ആരംഭിച്ചു. ചൊവ്വാഴ്ചയും തുടരും.

നാങ്കുനേരിയിൽ മത്സരിക്കാൻ മുൻ എം.പി. മനോജ് പാണ്ഡ്യൻ അടക്കമുള്ളവർ അപേക്ഷ നൽകിയിട്ടുണ്ട്. മുൻ മന്ത്രി ഇമ്പത്തമിഴനും ഇതിൽ ഉൾപ്പെടുന്നു. നാങ്കുനേരിയിൽ മത്സരിക്കുന്ന കോൺഗ്രസും സ്ഥാനാർഥികളാകാൻ താത്‌പര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഈ മാസം 30-ന് അവസാനിക്കും.

Content Highlights: By-election: DMK workers demands Udayanidhi Stalin's candidature