ചെന്നൈ: നാങ്കുനേരി, വിക്രവാണ്ടി നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒക്ടോബർ 21-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എം.ആർ. മുത്തമിഴ്‌സെൽവൻ വിക്രവാണ്ടിയിലും റെഡ്ഡിയാർപ്പെട്ടി വി. നാരായണൻ നാങ്കുനേരിയിലും മത്സരിക്കും.

കാനായ് പഞ്ചായത്ത് യൂണിയൻ സെക്രട്ടറിയാണ് മുത്തമിഴ്‌സെൽവൻ. നാരായണൻ തിരുെനൽവേലി റൂറൽ എം.ജി.ആർ. മൺട്രം ജോയന്റ് സെക്രട്ടറിയാണ്. ബുധനാഴ്ച പാർട്ടി കോ-ഓർഡിനേറ്റർ ഒ.പനിർശെൽവവും ജോയന്റ് കോ-ഓർഡിനേറ്ററും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയും ചേർന്നാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പി.എം.കെ, ഡി.എം.ഡി.കെ, ബി.ജെ.പി. തുടങ്ങിയ പാർട്ടികളാണ് എ.ഐ.എ.ഡി.എം.കെ. സഖ്യത്തിലുള്ളത്.

2016 നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ പരാജയപ്പെട്ട മണ്ഡലങ്ങളാണ് വിക്രവാണ്ടിയും നാങ്കുനേരിയും. ഇത്തവണ വിക്രവാണ്ടിയിൽ പാർട്ടിക്ക് വിജയപ്രതീക്ഷയുണ്ട്. ഡി.എം.കെ. വിക്രവാണ്ടി സ്ഥാനാർഥിയായി എൻ. പുകഴേന്തിയെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. കമൽഹാസന്റെ മക്കൾ നീതി മയ്യവും ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും മത്സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം 30 ആണ്. വോട്ടെണ്ണൽ ഒക്ടോബർ 24-നാണ്. പുതുച്ചേരി കാമരാജ് നഗർ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

Content Highlights: By Election; AIADMK declare candidates