പുതുച്ചേരി: തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനത്തിന്റെപേരിൽ െലഫ്. ഗവർണർ കിരൺ ബേദിയും മുഖ്യമന്ത്രി വി. നാരായണസാമിയും തമ്മിൽ തർക്കം. മുഖ്യമന്ത്രിയുടെ എതിർപ്പിനെ അവഗണിച്ച് പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കാനുള്ള ബേദിയുടെ നീക്കങ്ങളാണ് തർക്കത്തിന് കാരണം. പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് പത്രങ്ങളിൽ പരസ്യം നൽകി. ഇതിനെതിരേ മുഖ്യമന്ത്രി രംഗത്തുവന്നിട്ടുണ്ട്.
നിലവിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷണർ ടി.എം. ബാലകൃഷ്ണൻ തുടരണമെന്നാണ് നാരായണസാമി സർക്കാരിന്റെ നിലപാട്. ഇയാൾക്ക് നിയമനം നീട്ടിനൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനുപകരം പുതിയ കമ്മിഷണറെ നിയമിക്കാൻ ചീഫ് സെക്രട്ടറി അശ്വിനികുമാറിനോട് ബേദി നിർദേശിക്കുകയായിരുന്നു.
ഈ നടപടിയിൽ നാരായണസാമി വിയോജിപ്പ് അറിയിച്ചെങ്കിലും പുതിയ നിയമനത്തിനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. സർക്കാർ തിരഞ്ഞെടുത്ത കമ്മിഷണർക്ക് പകരം പുതിയ നിയമനം നടത്താൻ െലഫ്. ഗവർണർക്ക് അധികാരമില്ലെന്ന് നാരായണസാമി പറഞ്ഞു. ബേദിയുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. സർക്കാർ സർവീസിൽ 25 വർഷം പരിചയമുള്ളവർക്ക് അപേക്ഷിക്കാമെന്ന് പരസ്യത്തിൽ പറയുന്നതിനെ മുഖ്യമന്ത്രി വിമർശിച്ചു. 25 വർഷം സേവനമുള്ള ശിപായിക്കുപോലും അപേക്ഷനൽകാമെന്നാണ് ഇതിൽനിന്ന് അർഥമാക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
ബേദി തന്റെ പേഴ്‌സണൽ സെക്രട്ടറിയായ ദേവനീതി ദാസിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാർ ആരോപിക്കുന്നു. എന്നാൽ, സർക്കാരിന്റെ എതിർപ്പിനെ തള്ളി നിയമനത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ബേദി. ഫെബ്രുവരി ആറാണ് പുതിയ നിയമനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. എന്നാൽ, ഈ നടപടികളിൽനിന്ന് പിന്മാറിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നാരായണസാമി മുന്നറിയിപ്പുനൽകി.
Content Highlights: Bedi functioning in ‘atrocious’ manner: Puducherry CM V. Narayanasamy