കൊൽക്കത്ത: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച എ.എസ്.ഐ.യെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു. സംഭവംനടന്ന് എട്ട് മണിക്കൂറിന് ശേഷമാണ് പ്രതിയായ എ.എസ്.ഐ. ജഹാംഗീറിനെ ജനങ്ങളുടെ പിടിയിൽനിന്ന് മോചിപ്പിക്കാൻ പോലീസിന് കഴിഞ്ഞത്. അറസ്റ്റുചെയ്ത ശേഷം ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാസിർഹട്ടിനടുത്തുള്ള ഹൊറുവ സ്റ്റേഷനതിർത്തിയിലാണ് സംഭവം.
സ്കൂളിൽ നടന്ന കലോത്സവത്തിന്റെ സുരക്ഷാച്ചുമതലയ്ക്കെത്തിയതായിരുന്നു ജഹാംഗീറും മറ്റ് പോലീസുകാരും. ഇതിനിടെ രണ്ട് പ്ളസ് വൺ വിദ്യാർഥിനികളുമായി ഇയാൾ പരിചയപ്പെട്ടു. ഗതാഗതനിയന്ത്രണത്തിന് പോലീസിനെ സഹായിക്കുന്ന സിവിക് വൊളന്റിയറാവാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ഇവരിലൊരു പെൺകുട്ടിയെ അതെപ്പറ്റി പറഞ്ഞുതരാമെന്ന് പറഞ്ഞ് ഒഴിഞ്ഞ സ്കൂൾ മുറിയിലേക്ക് വിളിപ്പിച്ചശേഷം വാതിൽ കുറ്റിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വിദ്യാർഥിനിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടിത്തുറന്ന് കുട്ടിയെരക്ഷിച്ചു. ഹെഡ്മാസ്റ്ററുടെ മുറിയിൽ അലമാരയ്ക്ക് പിന്നിൽ ഒളിക്കാൻ ശ്രമിച്ച ജഹാംഗീറിനെ അവിടെനിന്ന് പിടികൂടി മർദിച്ചു. ലാത്തിച്ചാർജും കണ്ണീർവാതകപ്രയോഗവും നടത്തി ജനത്തെ പിരിച്ചുവിട്ടശേഷമാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോലീസ് വാഹനങ്ങൾ ആക്രമിച്ച ജനക്കൂട്ടം ഒരു ബൈക്ക് കത്തിക്കുകയും ചെയ്തു.
Content HIghlights: ASI arrested for rape attempt over student