:ചെന്നൈ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിൽ മലയാളം മിഷൻ നടത്തുന്ന പ്രവർത്തനം പത്താം വർഷത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നു. ജൂലായ് 31-ന് ഒമ്പത് വർഷം പൂർത്തിയാക്കി പത്താം വയസ്സിലേക്ക് ചുവട് വെയ്ക്കും. 2011 ജൂലായ് 31-ന് ആശാൻ സ്മാരക സ്‌കൂളിലായിരുന്നു ആദ്യ പ്രവേശനോത്സവം.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അഞ്ച് തവണ കണിക്കൊന്ന പഠനോത്സവം(പരീക്ഷ) നടന്നു. മൂന്ന് തവണ സൂര്യകാന്തി പഠനോത്സവവും ഒരിക്കൽ ആമ്പൽ പഠനോത്സവവും നടന്നു. പാഠ്യപദ്ധതിയിലെ അവസാന കോഴ്‌സായ നീലക്കുറിഞ്ഞിയുടെ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. പതിവ് ക്ലാസുകളും അധ്യാപകരുടെ ക്ലസ്റ്റർ യോഗങ്ങളും കൂടാതെ ഭാഷാപഠനവുമായി ബന്ധപ്പെട്ട് മറ്റുചില പരിപാടികളും മലയാളം മിഷൻ തമിഴ്നാട് ഘടകത്തിൽ നടത്തി.

ടി.പി. ഭാസ്‌കരപ്പൊതുവാളിന്റെ നേതൃത്വത്തിൽ നടത്തിയ 'മധുരം മധുരം മലയാളം' പരിപാടിയും ജയരാജ് വാരിയരുടെ നേതൃത്വത്തിൽ നടത്തിയ 'മരത്തണലിൽ ജയരാജ് വാരിയരും കുട്ട്യോളും' പരിപാടിയും ഏറെ ശ്രദ്ധേയമായി. മലയാളം മിഷൻ വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ കലാമേള പത്താം വയസ്സിലേക്ക് പ്രവേശിക്കുന്ന തമിഴ്‌നാട് മലയാളം മിഷന്റെ പ്രവർത്തനത്തിലെ പ്രധാന നാഴികക്കല്ലാണ്. അധ്യാപകർക്കുവേണ്ടി നടക്കിയ സഹവാസക്യാമ്പും ശ്രദ്ധേയമായി.