ചെന്നൈ: ആദിദ്രാവിഡ കുടുംബത്തിൽ ജനിച്ച് പിന്നാക്ക അവസ്ഥയിലുള്ള ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച കൃഷ്ണമ്മാൾ ജഗന്നാഥൻ അടക്കം ഒമ്പത് പേരാണ് തമിഴ്‌നാട്ടിൽനിന്ന് പത്മപുരസ്കാരത്തിന് അർഹരായത്. മലയാളികളായ മദ്രാസ് ഐ.ഐ.ടിയിലെ അധ്യാപകൻ ഡോ.ടി.പ്രദീപ്, ബോംബെ സഹോദരിമാർ എന്നറിയപ്പെടുന്ന സംഗീതജ്ഞരായ ലളിത, സരോജ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. കൃഷ്ണമ്മാളിനും വാഹന വ്യവസായി വേണു ശ്രീനിവാസനും പത്മഭൂഷൺ ബഹുമതിയ്ക്ക് അർഹരായപ്പോൾ മറ്റ് ഏഴ് പേർ പത്മശ്രീയാക്കായി തിരഞ്ഞെടുക്കപ്പെട്ടു.

പുതുച്ചേരിയിൽ നിന്നുള്ള സാഹിത്യകാരൻ മനോജ് ദാസിന് പത്മഭൂഷണും ടെറാക്കോട്ട ശില്പിയും എഴുത്തുകാരനുമായ വി.കെ. മുനുസാമിയ്ക്ക് പത്മശ്രീയും ലഭിച്ചു ദിണ്ടിഗൽ ജില്ലയിലെ അയ്യൻകോട്ടയിൽ ജനിച്ച കൃഷ്ണമ്മാൾക്ക് 2009-ൽ ഓൾട്ടർനേറ്റ് നൊബേൽ സമ്മാനം ലഭിച്ചിട്ടുണ്ട്. പ്രമുഖവാഹന നിർമാണ കമ്പനിയായ ടി.വി.എസ്. മോട്ടോർസിന്റെ ചെയർമാനും എം.ഡിയുമാണ് വേണു ശ്രീനിവാസൻ. വ്യവസായ രംഗത്തെ സംഭാവന പരിഗണിച്ചാണ് പുരസ്കാരം.

തിരുനൽവേലി ആയക്കുടിയിലെ അമർ സേവ സംഘത്തിന്റെ സ്ഥാപനായ ആർ. രാമകൃഷ്ണനാണ് സാമൂഹിക പ്രവർത്തനത്തിന് പത്മശ്രീ പുരസ്കാരത്തിന് അർഹനായത്. .ബോംബെ സഹോദരിമാരായ സി.സരോജയും സി.ലളിതയും തൃശ്ശൂർ സ്വദേശികളാണ്. നാദസ്വര കലാകാരരായ ദമ്പതികളായ ഷെയ്ക്ക് മെഹബൂബ് സുബാനിയും കാലി ഷാബി മെഹബൂബ് സുബാനിയുമാണ് പത്മശ്രീ നേടിയ മറ്റ് രണ്ട് പേർ.തമിഴ്‌നാട്ടിൽ നിന്നുള്ള മറ്റൊരു പത്മശ്രീ പുരസ്കാര ജേതാവായ മനോഹർ ദേവദാസ് എഴുത്തുകാരനും രൂപരേഖചിത്രകാരനുമാണ്.