ചെന്നൈ: മലയാളോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച പിന്നണി ഗായകൻ ഉണ്ണിമേനോൻ സദസ്സിന്റെ മനം കവർന്നത് കവിത ചൊല്ലി.
ഒ.എൻ.വി. കുറുപ്പിന്റെ ’ അമ്മത്തിരുമൊഴി മലയാളം. അൻപ് ചുരത്തും മലയാളം’ എന്നുതുടങ്ങുന്ന കവിതയാണ് ചൊല്ലിയത്. സദസ്സിലുള്ളവരെ കൊണ്ട് ഒപ്പം പാടിക്കുകയും ചെയ്തു. മലയാളം മിഷന്റെ പുതിയ സംരംഭമായ മലയാളോത്സവത്തിന് തുടക്കം കുറിയ്ക്കാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഉണ്ണി മേനോൻ പറഞ്ഞു.
ഉത്സവം ഉയരങ്ങളിലേക്ക് പോകുന്നതാണ്. മലയാളം മിഷനും ഉയരങ്ങളിലേക്ക് കുതിയ്ക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. ചിട്ടയും ക്രമീകൃതവുമായി മലയാളോത്സവം സംഘടിപ്പിക്കാൻ സാധിച്ചതിൽ തമിഴ്‌നാട് ചാപ്റ്റിനെ അഭിനന്ദിയ്ക്കുന്നുവെന്ന് ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് പറഞ്ഞു.
ചാപ്റ്റർ പ്രസിഡന്റ് എ.വി. അനൂപ് അധ്യക്ഷത വഹിച്ചു. ചാപ്റ്റർ ചെയർമാൻ എം.എ. സലീം, ഉപദേശക സമിതി ചെയർമാൻ എം. നന്ദഗോവിന്ദ്, വിദഗ്ധ സമിതി ചെയർമാൻ കെ.ജെ.അജയകുമാർ, സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണൻ, കൺവീനർ പി.ആർ. സ്മിത, ജോയിന്റ് സെക്രട്ടറി എം.പി. ദാമോദരൻ, കെ.വി.വി. മോഹനൻ, ടി. അനന്തൻ, പി.എൻ. ശ്രീകുമാർ, കൽപക ഗോപാലൻ, വി.ഒ.എസ്.ടി. ഉണ്ണി, പ്രീമിയർ ജനാർദനൻ തുടങ്ങിയവർ പ്രസംഗിച്ചു. മലയാളം മിഷനിലെ ഏറ്റവും പ്രായം കൂടി പഠിതാവായ സതീദേവിയെ ചടങ്ങിൽ ആദരിച്ചു.