ചെന്നൈ: പൂജിക്കാതെ പ്രസാദം നൽകിയത് ചോദ്യംചെയ്ത ഭക്തയെ തല്ലിയ കേസിൽ ചിദംബരം നടരാജ ക്ഷേത്രത്തിലെ പൂജാരിക്ക് കോടതി ജാമ്യം അനുവദിച്ചു. സംഭവത്തേത്തുടർന്ന് ഒളിവിലായിരുന്ന പൂജാരി ധരൻ (29) ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതോടെ ഇയാൾ ചിദംബരം കോടതിയിൽ കീഴടങ്ങി. തുടർന്ന് മതിയായ തെളിവുകളില്ലാത്തതിനാൽ കോടതി ജാമ്യം നൽകുകയായിരുന്നു.
കഴിഞ്ഞമാസം 16-നാണ് ക്ഷേത്രത്തിനുള്ളിൽവെച്ച് ധരൻ ഭക്തയെ തല്ലിയത്. പൂജിക്കുന്നതിനായി നൽകിയ നാളികേരം മന്ത്രം ചൊല്ലി പൂജിക്കാതെ പ്രസാദമായി തിരിച്ചുനൽകിയത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടായി. ഇതേത്തുടർന്ന് അടിയേറ്റ സ്ത്രീ ചിദംബരം പോലീസിൽ പരാതി നൽകി. സംഭവത്തേത്തുടർന്ന് പൂജാരിയെ ക്ഷേത്രത്തിൽനിന്ന് രണ്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.