ചെന്നൈ: പത്താംക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശിവഗംഗ ജില്ലയിലെ കാരൈക്കുടിയിലെ പൊന്നഴകന്റെ മകൻ അശോകിനെ (15)യാണ് പഴയ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് അശോക് വീട്ടിൽനിന്ന് പുറത്തേക്ക് പോയതായിരുന്നു. വൈകുന്നേരമായിട്ടും വീട്ടിലേക്ക് തിരിച്ചെത്താതായപ്പോൾ രക്ഷിതാക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഞായറാഴ്ച രാവിലെയും തിരച്ചിൽ തുടർന്നപ്പോൾ പഴയകെട്ടിടത്തിൽ മരിച്ചനിലയിൽ അശോകിന്റെ മൃതദേഹം കണ്ടെത്തി. കാരൈക്കുടി പോലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
എന്നാൽ അശോക് തൂങ്ങിമരിച്ച നിലായിരുന്നെങ്കിലും കാൽ നിലത്ത് മുട്ടുനിന്നുണ്ടായിരുന്നുവെന്ന് രക്ഷിതാക്കൾ ആരോപിച്ചു. അശോക് ജീവനൊടുക്കാൻ മാത്രമുള്ള പ്രശ്നങ്ങളുണ്ടായിരുന്നില്ല. അതിനാൽ മരണത്തിൽ ദുരൂഹതയുണ്ട്. കൊലപ്പെടുത്തിയശേഷം കയറിൽ കെട്ടി ത്തൂക്കിയതായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.