ചെന്നൈ: മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ നീതിപൂർണമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭീഷണിക്കത്ത്. ഇതു സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി. കോട്ടൂർപുരം പോലീസിൽ പരാതി നൽകി. വിലാസമില്ലാത്ത കത്തിൽ, അന്വേഷണത്തിന് അനുകൂല നിലപാടുണ്ടായില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്നു. ആരോപണ വിധേയരായ അധ്യാപകരും വിദ്യാർഥിനിയെപ്പോലെ ജീവനൊടുക്കാൻ സാധ്യതയുണ്ടെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ മാസം ഒമ്പതിനാണ് കൊല്ലം സ്വദേശിനിയായ ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതോടെ കേസ് സെൻട്രൽ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.