: മലയാളം മിഷന്റെ പ്രവര്‍ത്തനം ഒരിക്കലും ഭാഷാ പഠനത്തില്‍ മാത്രമായി പരിമിതപ്പെടുന്നില്ല. മിഷന്റെ പ്രധാന ലക്ഷ്യം ഒരോ പഠനകേന്ദ്രങ്ങളും മറുനാട്ടിലെ കലാ-സാംസ്കാരിക കേന്ദ്രങ്ങളായി തീരുകയെന്നതാണ്. മലയാളോത്സവം സംഘടിപ്പിക്കുന്നതിലൂടെ തമിഴ്‌നാട് ചാപ്റ്റര്‍ ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് നടത്തുകയാണ്. അഭിനന്ദനീയമായ നടപടിയാണിത്.
മലയാളം മിഷന്റെ പല ചാപ്റ്ററുകളിലും പലരീതിയില്‍ കലോത്സവങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ മലയാളോത്സവം ഇവയില്‍നിന്ന് വ്യത്യസ്തമാണ്. മേഖലാതലങ്ങളില്‍ മത്സരം നടത്തുകയും അവയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്നവരെ പങ്കെടുപ്പിച്ച് കൊണ്ട് ചാപ്റ്റര്‍ തല മത്സരം നടത്തുകയും ചെയ്യുന്നത് തന്നെയാണ് പ്രധാന പ്രത്യേകത. ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനും മികച്ച നിലവാരത്തില്‍ മത്സരം സംഘടിപ്പിക്കാനും സാധിക്കും. ഇത്രയും വിപുലമായ ക്രമീകരണങ്ങളോടെ നടത്തുന്ന പരിപാടി തികച്ചും മാതൃകാപരമാണ്.
ഭാഷയ്ക്ക് ഒരിക്കലും തനിച്ചുനില്‍ക്കാന്‍ സാധിക്കില്ല. ഭാഷ വികസിക്കുന്നതിന് അതിന് അനുകൂലമായ അന്തരീക്ഷലൂടെയാണ്. ഒരു ചെടി നട്ടാല്‍ അതുവളരണമെങ്കില്‍ വെള്ളവും വളവും അനുകൂല അന്തരീക്ഷവും വേണം. അതുപോലെ ഭാഷ വളരുന്നത് കലാ-സാംസ്കാരിക പരിപാടികള്‍ നല്‍ക്കുന്ന അനുകൂല അന്തരീക്ഷത്തിലൂടെയാണ്. മലയാളോത്സവം ഇത്തരത്തിലുള്ള അന്തരീക്ഷ സൃഷ്ടിയാണ്. നമ്മുടെ ചരിത്രത്തെയും സംസ്കാരത്തെയും കലകളെയും ഉള്‍പ്പെടുത്തിയുള്ള ഭാഷ വികസനം ഇതുപോലെയുള്ള സംരംഭങ്ങളിലൂടെ സാധിക്കും.
ചാപ്റ്ററുകള്‍ക്ക് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാമ്പത്തിക സഹായം അനുവദിക്കാന്‍ മലയാളം മിഷന് പരിമിതിയുണ്ട്. ഇതുമനസ്സിലാക്കി സ്വന്തമായി പണംകണ്ടെത്തി മികച്ച രീതിയില്‍ മലയാളോത്സവം സംഘടിപ്പിക്കുന്നതിന് ചാപ്റ്റര്‍ പ്രസിഡന്റിനെയും മറ്റ് ഭാരവാഹികളെയും പ്രത്യേകം അഭിനന്ദിക്കുന്നു. തമിഴകത്തിലെ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ മലയാളോത്സവത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.