ചെന്നൈ : എന്നൂർ തുറമുഖത്തെയും മഹാബലിപുരത്തെയും ബന്ധിപ്പിക്കുന്ന റിങ് റോഡിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. 6175 കോടി രൂപ പദ്ധതിച്ചെലവ് കണക്കാക്കുന്ന ഇതിന് ഏതാനുംവർഷം മുമ്പ് തമിഴ്‌നാട് സർക്കാർ ഔദ്യോഗിക അനുമതി നൽകിയിരുന്നു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് അനുമതി കാത്തിരിക്കുകയായിരുന്നു. തമിഴ്‌നാടിന്റെ തെക്കൻ ഭാഗങ്ങളിൽനിന്ന് വരുന്ന ചരക്കു വാഹനങ്ങൾക്ക് എന്നൂർ തുറമുഖത്തെത്താനുള്ള എളുപ്പമേറിയതും സുഗമവുമായ എട്ടു വരിപ്പാതയാണ് റിങ് റോഡ്. 97 കിലോമീറ്ററിലധികം ദൂരത്തിലാണ് റോഡ് നിർമിക്കുക. കൂടാതെ അനുബന്ധ റോഡുകൾ നവീകരിക്കും. റിങ് റോഡ് നിർമാണത്തിന് തീരദേശ നിയന്ത്രണ നിയമങ്ങൾ പാലിക്കണമെന്ന് നിർബന്ധമുണ്ട്.
റോഡ് നിർമാണത്തിന് മുമ്പ് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡിൽനിന്ന് അനുമതി വാങ്ങണം, കുളങ്ങളും തടാകങ്ങളും ഉൾപ്പെടെയുള്ള ജലാശയങ്ങളെ ബാധിക്കരുത്, തീരദേശ മേഖലകളിൽനിന്ന് ജലം ഉപയോഗിക്കരുത്, വഴിയരികിൽ പനമരങ്ങൾ വെച്ചു പിടിപ്പിക്കണം, മത്സ്യത്തൊഴിലാളികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കരുത് തുടങ്ങിയവയാണ് നിബന്ധനകൾ.
റിങ് റോഡിൽ അഞ്ചു വലിയപാലങ്ങളും 20 ചെറുപാലങ്ങളും 49 സബ് വേകളും നാലു മേൽപ്പാലങ്ങളും നിർമിക്കും. 81 ഗ്രാമങ്ങൾ പദ്ധതിക്കു കീഴിൽ ഉണ്ടായിരിക്കും. കൂടാതെ 77 കിലോമീറ്റർ കൃഷിഭൂമി, രണ്ടു കിലോമീറ്റർ വനം എന്നിവയിലൂടെ റോഡ് കടന്നുപോകും. കാഞ്ചിപുരം ജില്ലയിലെ കോടമംഗലത്ത് 20 ഏക്കർ വനഭൂമി ഇതിനായി സർക്കാർ ഏറ്റെടുക്കും. റോഡ് നിർമിക്കുന്ന വഴികളിലെ 4797 മരങ്ങളിൽ 2629 എണ്ണം മുറിച്ചുമാറ്റുമെന്നും പദ്ധതി രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.