ചെന്നൈ: അനാഥാലയം നടത്തിപ്പുകാർ വിറ്റ അന്തേവാസിയായ പതിമ്മൂന്നുകാരനെ പോലീസിടപെട്ട് രക്ഷിച്ചു. ശ്രീവില്ലിപുതൂരിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. ആൺകുട്ടികളുടെ അനാഥാലയത്തിൽ കഴിഞ്ഞിരുന്ന കുട്ടിയെ കാണാനായി ബന്ധു എത്തിയപ്പോഴാണ് സംഭവം പുറത്തായത്.
കുട്ടിയെ കാണാത്തതിന് നടത്തിപ്പുകാർ കൃത്യമായി മറുപടി നൽകാതിരുന്നതോടെ ബന്ധു പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിൽ കുട്ടിയെ നടത്തിപ്പുകാർ പണംവാങ്ങി വിറ്റതായി കണ്ടെത്തി. തുടർന്ന് പോലീസ് ശ്രീവില്ലിപുതൂരിലുള്ള ദമ്പതിമാരുടെ വീട്ടിൽ നിന്ന് കുട്ടിയെരക്ഷിച്ചു. ചോദ്യം ചെയ്യലിൽ ദത്തെടുത്തതാണെന്ന് പറഞ്ഞെങ്കിലും നടപടിക്രമങ്ങൾ പാലിക്കാതെ പണം വാങ്ങിയാണ് അനാഥാലയം നടത്തിപ്പുകാർ കുട്ടിയെ ദമ്പതിമാർക്ക് കൈമാറിയതെന്ന് കണ്ടെത്തി.
ദത്തെടുക്കലിന്റെ നിയമവശങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നു ദമ്പതിമാർ പോലീസിന് മൊഴിനൽകി. സംഭവത്തിൽ അനാഥാലയം നടത്തിപ്പുകാർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമ്പതോളം കുട്ടികൾ ഈ അനാഥാലയത്തിൽ താമസിക്കുന്നുണ്ട്.