ഹൈദരാബാദ്: ബി.ജെ.പി. വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയും ടി.ആർ.എസ്. വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവുവും പരസ്പരം കടുത്ത വിമർശനവുമായി രംഗത്ത്. വർക്കിങ് പ്രസിഡന്റായി ചാർജെടുത്തതിനുശേഷം ആദ്യമായി ഹൈദരാബാദിൽ എത്തിയ നഡ്ഡയ്ക്ക് പാർട്ടി നേതാക്കൾ ഉജ്ജ്വലമായ വരവേൽപ്പ് നൽകി. തെലങ്കാനയിൽ ടി.ആർ.എസ്. ഗവൺമെന്റ് അഴിമതിയിൽ കുളിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പഴയ പ്രഭുക്കന്മാരെപ്പോലെ ഏകാധിപത്യ ഭരണമാണ് നടത്തുന്നതെന്നും ജെ.പി. നഡ്ഡ അപലപിച്ചു.
എന്നാൽ, ഇതിന് മറുപടിയായി ടി.ആർ.എസ്. വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു ബി.ജെ.പി. നേതാക്കന്മാർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പറഞ്ഞു.
കോൺഗ്രസിനും ബി.ജെ.പി.യ്ക്കും ഹൈദരാബാദിലും തെലങ്കാനയിലും ശാന്തിയും സമാധാനവും നിലനിൽക്കുന്നത് സഹിക്കുന്നില്ല. ജെ.പി. നഡ്ഡ തന്റെ പേര് ‘അബദ്ധല അഡ്ഡ’ (അബദ്ധങ്ങളുടെ കൂടാരം) എന്നാക്കണമെന്ന് കെ.ടി.ആർ. പറഞ്ഞു. എന്നാൽ, 80,000 രൂപ ചെലവാക്കി കാളേശ്വരം പദ്ധതി പൂർത്തിയാക്കിയിട്ട് ഒരിഞ്ചു ഭൂമിക്കുപോലും വെള്ളം കിട്ടിയില്ലെന്ന് നഡ്ഡ ആരോപിച്ചു. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനും സംസ്ഥാനത്തെ നികന്നുപോയ ജലാശയങ്ങൾ വീണ്ടെടുക്കാനുമുള്ള മിഷൻ കാക്കടിയയും മിഷൻ ഭഗീരഥയും മിഷൻ കമ്മിഷനുകളായി മാറിയെന്നും ഹരിതഹാരം പദ്ധതിക്ക് ഓഡിറ്റ് നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കിയ കാളേശ്വരം പദ്ധതി രാജ്യത്തിനുതന്നെ മാതൃകയാണെന്നും മിഷൻ കാക്കടിയയും മിഷൻ ഭഗീരഥയും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളാണെന്നും കെ.ടി.ആർ. പ്രസ്താവിച്ചു. അഴിമതിയാരോപണങ്ങൾക്ക് തെളിവുകൾ നൽകണം, ജനങ്ങൾ ഈ ആരോപണങ്ങൾ വിശ്വസിക്കില്ല. കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് സ്കീമിനെക്കാൾ മെച്ചപ്പെട്ടതാണ് തെലങ്കാനയിലെ ആരോഗ്യശ്രീ സ്‌കീം. 24 മണിക്കൂർ സൗജന്യ വൈദ്യുതി കർഷകർക്ക് നൽകുന്ന ഒരൊറ്റ സംസ്ഥാനം ബി.ജെ.പി.ക്ക് കാണിച്ചുതരാമോ എന്നും കെ.ടി.ആർ. തിരിച്ചടിച്ചു.