സംസ്ഥാന രൂപവത്കരണത്തില്‍ കാമരാജിന്റെ നിലപാട് നിര്‍ണായകമായി

ചെന്നൈ :
വരുന്ന നവംബര്‍ ഒന്നിന് സംസ്ഥാനമെന്ന നിലയില്‍ തമിഴ്‌നാടിനും ഷഷ്ടിപൂര്‍ത്തിയാവുകയാണ്. 1956 നവംബറില്‍ കേരളത്തിനും കര്‍ണാടകത്തിനും ആന്ധ്രയ്ക്കുമൊപ്പം തമിഴ് ഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനവും നിലവില്‍ വന്നെങ്കിലും അന്ന് സംസ്ഥാനത്തിന്റെ പേര് മദ്രാസ് എന്നായിരുന്നു. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം മദ്രാസ് പ്രസിഡന്‍സി മദ്രാസ് പ്രൊവിന്‍സ് എന്നാണറിയപ്പെട്ടത്.1950 ജനവരി 26 ന് മദ്രാസ് പ്രൊവിന്‍സ് മദ്രാസ് സംസ്ഥാനമായി. 1969 ല്‍ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ.സര്‍ക്കാരാണ് മദ്രാസ് സംസ്ഥാനം തമിഴ്‌നാട് എന്നാക്കിയത്.
1956-ല്‍ മദ്രാസ് സംസ്ഥാനം തമിഴ്‌നാട് എന്നാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങളുണ്ടായി. ഗാന്ധിയനായ ശങ്കരലിംഗനാടാര്‍ ഈ ആവശ്യമുന്നയിച്ച് നിരാഹാര സമരം നടത്തി. പക്ഷേ, അന്ന് മദ്രാസ് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കാമരാജ് വഴങ്ങിയില്ല. തന്റെ മരണമെങ്കിലും കാമരാജിന്റെ മനസ്സ് മാറ്റുമെന്ന് ശങ്കരലിംഗനാടാര്‍ ഡി.എം.കെ. നേതാവ് അണ്ണാദുരൈയോട് പറഞ്ഞതായി അണ്ണാദുരൈയുടെ ജീവചരിത്രത്തില്‍ ആര്‍.കണ്ണന്‍ വ്യക്തമാക്കുന്നുണ്ട്. 77 ദിവസത്തെ നിരാഹാരം ശങ്കരലിംഗനാടാരുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തു. പക്ഷേ, കാമരാജ് തീരുമാനം മാറ്റിയില്ല. മൂന്നുകൊല്ലംമുമ്പ് പോറ്റി ശ്രീരാമുലു നിരാഹാരസമരത്തെ തുടര്‍ന്ന് മരിച്ചപ്പോള്‍ ആന്ധ്ര സംസ്ഥാനം രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു. പക്ഷേ, ശങ്കരലിംഗനാടാരുടെ മരണത്തിനും മദ്രാസിനെ തമിഴ്‌നാടാക്കാനായില്ല.
കേരളത്തിന് ദേവികുളവും പീരുമേടും ലഭിക്കാനും കാമരാജായിരുന്നു കാരണക്കാരന്‍. ഈ രണ്ട് സ്ഥലങ്ങളും വിട്ടുകൊടുക്കരുതെന്ന് കാമരാജിന് മേല്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു. കുളവും മേടും എവിടെയായാലെന്താ എന്ന് ചോദിച്ചാണ് കാമരാജ് ഇതിനെ നേരിട്ടത്. കന്യാകുമാരിക്കുപകരമായി പീരുമേടും ദേവികുളവും വിട്ടുകൊടുക്കാന്‍ കാമരാജിന് പ്രശ്‌നമുണ്ടായിരുന്നില്ല.
1956-ല്‍ അമൃത്സറില്‍ ചേര്‍ന്ന എ.ഐ.സി.സി.യോഗത്തില്‍ ചെറിയ സംസ്ഥാനങ്ങള്‍ക്ക് പകരം രണ്ടും മൂന്നും സംസ്ഥാനങ്ങള്‍ ചേര്‍ന്നുള്ള സംവിധാനമായിരിക്കും ഉചിതം എന്ന നിര്‍ദ്ദേശം അന്ന് ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബി.സി.റോയ് മുന്നോട്ടുവെച്ചിരുന്നു. ബംഗാളും ബിഹാറും തമ്മില്‍ ഒന്നിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് ബി.സി.റോയിയും അന്ന് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന എസ്.കെ.സിന്‍ഹയും പ്രഖ്യാപിക്കുകയും ചെയ്തു.
ബി.സി.റോയ് പദ്ധതി പ്രകാരം കര്‍ണാടകവും കേരളവും തമിഴ്‌നാടും ചേര്‍ന്ന് ദക്ഷിണ്‍ പ്രദേശ് നിലവില്‍ വരുമായിരുന്നു. ഈ പദ്ധതി അമൃത്സര്‍ സമ്മേളനത്തിന് പിന്നാലെ ബാംഗ്‌ളൂരില്‍ ചേരാനിരുന്ന നിര്‍വാഹക സമിതി യോഗത്തില്‍ എ.ഐ.സി.സി. അംഗീകരിക്കുമെന്നായിരുന്നു ധാരണ. രാജാജിയും സി.സുബ്രഹ്മണ്യവും ഇതിനനുകൂലമായിരുന്നു. തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോനും കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്ന ഹനുമന്തയ്യയും പിന്തുണയുമായി രംഗത്തെത്തി. പക്ഷേ, ഇത്തരമൊരു സംവിധാനത്തില്‍ തമിഴര്‍ക്ക് മേല്‍ക്കൈ നഷ്ടപ്പെട്ടേക്കുമെന്ന് പെരിയാര്‍ ഇ. വി. രാമസാമി ഭയന്നു. ഇക്കാര്യം വ്യക്തമാക്കി പെരിയാര്‍ ബാംഗ്‌ളൂരിലേക്ക് കാമരാജിന് കമ്പിയടിച്ചു. ഒന്നിച്ചുള്ള സംവിധാനമല്ല, ഓരോ സംസ്ഥാനത്തിനും സ്വയം നിര്‍ണയാവകാശമുള്ള ദ്രാവിഡ ഫെഡറേഷനാണ് തങ്ങളുടെ ലക്ഷ്യമെന്ന് അണ്ണാദുരൈയും നിലപാടെടുത്തു. ദക്ഷിണ്‍ പ്രദേശില്‍ തന്റെ നേതൃസ്ഥാനം നഷ്ടപ്പെടാനിടയുണ്ടെന്ന് മനസ്സിലായ കാമരാജ് ബാംഗ്‌ളൂര്‍ സമ്മേളനത്തില്‍ ഈ പദ്ധതിയെ ശക്തമായി എതിര്‍ത്തു. ഇതോടെയാണ് കോണ്‍ഗ്രസ് ഈ പദ്ധതി ഉപേക്ഷിച്ചത്.
സംസ്ഥാനം 60 വയസ്സിലേക്കെത്തുമ്പോള്‍ പക്ഷേ, തമിഴ്‌നാട്ടില്‍ ആഘോഷങ്ങളൊന്നുമില്ല. മുഖ്യമന്ത്രി ജയലളിത ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെ സംസ്ഥാനത്തിന്റെ വജ്രജൂബിലി ആഘോഷം തല്‍ക്കാലം വേണ്ടെന്നാണ് തീരുമാനമെന്നറിയുന്നു.