Aravindചെന്നൈ : കമല്‍ഹാസന് പിന്നാലെ എ.ഐ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി ശശികലയ്‌ക്കെതിരെ കോളിവുഡില്‍ നിന്ന് കൂടുതല്‍ പേര്‍ രംഗത്ത്. ഒരാളുടെ ഏകാധിപത്യ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇത് രാജഭരണകാലമല്ലെന്ന് ശശികലയെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ അരവിന്ദ് സ്വാമി ട്വിറ്ററില്‍ രംഗത്തെത്തി. ഇവിടെ ജനങ്ങള്‍ക്ക് ഏകാധിപതികളെയല്ല ജനസേവകരെയാണ് ആവശ്യമെന്നും അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തു.
 
ഇതിനു പിന്നാലെ ചിന്നമ്മ 'തടവിലാക്കി'യ എം.എല്‍.എ.മാരെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ പ്രതികരണം ആരാഞ്ഞ് കോള്‍ യുവര്‍ ലോമേക്കേഴ്‌സ് എന്ന പേരില്‍ ഓണ്‍ലൈന്‍ കാമ്പയിനും നടന്‍ തുടക്കമിട്ടു.
 
ജനപ്രതിനിധികളെ നേരിട്ട് വിളിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ എ.ഐ.എ.ഡി.എം.കെ. എം.എല്‍.എ.മാരുടെ പേരും മണ്ഡലവും ഫോണ്‍ നമ്പറും അരവിന്ദ് സ്വാമി ട്വിറ്ററില്‍ നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി ആരാകണമെന്ന തര്‍ക്കത്തില്‍ വോട്ടുചെയ്ത എം.എല്‍.എ.മാരെ തന്നെ വിളിച്ച് അഭിപ്രായം തേടണമെന്നാണ് നടന്റെ ആഹ്വാനം.

അരവിന്ദ് സ്വാമി ആരംഭിച്ച കാമ്പയിനിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. എന്നാല്‍ അഭിപ്രായങ്ങള്‍ അറിയിക്കാനായി ജനപ്രതിനിധികളെ വിളിച്ച പലര്‍ക്കും നിരാശയായിരുന്നു ഫലം. ഭൂരിപക്ഷം എം.എല്‍.എമാരുടെ ഫോണും ഓഫാണ്.

തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നത് എന്ന് പറഞ്ഞ എം.എല്‍.എ.മാരോട് ആരെങ്കിലും തടവിലാക്കിയിട്ടുണ്ടെങ്കില്‍ കോടതിയില്‍ പോയി നിയമനടപടി സ്വീകരിക്കണമെന്നും അരവിന്ദ്‌സ്വാമി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. പനീര്‍ശെല്‍വം യോഗ്യതയില്ലാത്തവനല്ലെന്നും അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടിരുന്നു. കുറച്ചു നാളുകള്‍ കൂടെ അദ്ദേഹത്തിന് നല്‍കണം.
 
തന്റെ ജോലി നല്ല രീതിയില്‍ ചെയ്യുകയായിരുന്നു പനീര്‍ശെല്‍വം. ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമില്ലെങ്കില്‍ തിരഞ്ഞെടുപ്പിലൂടെയാണ് പുറത്താക്കേണ്ടത് - കമല്‍ഹാസന്‍ പറഞ്ഞിരുന്നു. അതേ സമയം, നിരവധി താരങ്ങള്‍ ശശികലയ്‌ക്കെതിരെ അടുത്ത ദിവസങ്ങളില്‍ രംഗത്തുവരുമെന്നാണ് സൂചന.