ചെന്നൈ: ഡി.എം.കെ.യുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തുന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിൽ എല്ലാ പ്രവർത്തകരും അണിചേരണമെന്ന് പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ ആഹ്വാനം.

പ്രവർത്തകർക്ക് അയച്ച കത്തിലാണ് സ്റ്റാലിന്റെ നിർദേശം. ഹിന്ദി പൊതുഭാഷയാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ 20-ന് സംസ്ഥാനവ്യാപകമായി പ്രക്ഷോഭം നടത്തുകയാണ് ഡി.എം.കെ. ചൊവ്വാഴ്ച ഡി.എം.കെ.യുടെ 70-ാം പിറന്നാളാണ്. സാമൂഹിക നവോത്ഥാന നായകൻ പെരിയാറിന്റെ ജൻമവാർഷികം കൂടിയാണ്. പാർട്ടിയുടെ പിറന്നാൾ ആഘോഷിക്കാൻ ഞാൻ ആവശ്യപ്പെടില്ല. എന്നാൽ ഹിന്ദി അടിച്ചേല്പിക്കുന്നതിനെതിരേയുള്ള പ്രക്ഷോഭത്തിൽ അണികൾ ഒത്തുചേരണം- സ്റ്റാലിൻ വ്യക്തമാക്കി. 1937-ലും 1965-ലും തമിഴ്‌നാട്ടിൽ നടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭം അദ്ദേഹം അനുസ്മരിച്ചു. ഹിന്ദി അടിച്ചേല്പിക്കാനുള്ള നീക്കത്തിനെതിരേ ഡി.എം.കെ. മാത്രമായിരുന്നു രംഗത്തെത്തിയതെന്ന് സ്റ്റാലിൻ പറഞ്ഞു. ഡി.എം.കെ. ഒരു ഭാഷയ്ക്കും എതിരല്ല. അതേസമയം മറ്റൊരു ഭാഷ നമുക്കുമേൽ അടിച്ചേല്പിക്കാൻ ഒരിക്കലും അനുവദിക്കില്ല. മറ്റു ഭാഷകൾ സംസാരിക്കുന്നവരെ രണ്ടാംതരം പൗരൻമാരായി കാണുന്ന നീക്കം ചെറുക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.