cmചെന്നൈ: ന്യൂനപക്ഷ സമൂഹങ്ങളെ സംരക്ഷിക്കാൻ എ.ഐ.എ.ഡി.എം.കെ. സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. പൗരത്വനിയമ ഭേദഗതി സംബന്ധിച്ച് ന്യൂനപക്ഷങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. നിയമം മുസ്ലിങ്ങളെ ബാധിക്കുമെന്ന തരത്തിൽ ചിലർ വ്യാപകമായി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പൂർണമായും തെറ്റായ അതിൽ വിശ്വസിക്കരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുന്നു. ‘സമാധാനത്തിന്റെ സ്വർഗം’ എന്നറിയപ്പെടുന്ന സംസ്ഥാനത്ത് ആളുകൾക്കിടയിൽ ആശങ്കയുണർത്തുന്ന അഭ്യൂഹങ്ങൾ ആരും പ്രചരിപ്പിക്കരുത്- അദ്ദേഹം പറഞ്ഞു.

മുൻമുഖ്യമന്ത്രി ജെ. ജയലളിതയുടെ പാതയിൽ എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും പുരോഗതിക്കുമായാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ശ്രിലങ്കൻ തമിഴ് അഭയാർഥികൾക്ക് ഇരട്ട പൗരത്വം നൽകുന്ന വിഷയം ചർച്ച ചെയ്തിരുന്നു. പാർലമെന്റിൽ പൗരത്വനിയമ ഭേദഗതി ബിൽ ചർച്ചയ്ക്ക് വന്നപ്പോൾ ഈ വിഷയം എ.ഐ.എ.ഡി.എം.കെ. എം.പിമാർ ഉന്നയിച്ചിരുന്നു. പാർട്ടി നിലപാടിൽ ഉറച്ചുനിൽക്കും. മുമ്പ് വ്യക്തമാക്കിയിട്ടുള്ളതുപോലെ തന്നെ നിയമത്തിൽ ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights; AIADMK will protect minorities says chief minister