ചെന്നൈ : എ.ഐ.എ.ഡി.എം.കെ. കോ-ഓർഡിനേറ്ററും മുൻ മുഖ്യമന്ത്രിയുമായ ഒ. പനീർശെൽവത്തിന് സാന്ത്വനംപകർന്ന് വി.കെ. ശശികല. ബുധനാഴ്ച രാവിലെയാണ് പനീർശെൽവത്തിന്റെ ഭാര്യ വിജയലക്ഷ്മിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ ശശികല ആശുപത്രിയിൽ എത്തിയത്. വിതുമ്പിക്കരയുന്ന പനീർശെൽവത്തിന്റെ കൈകൾ ചേർത്തുപിടിച്ച് ശശികല സമാശ്വസിപ്പിച്ചു. 20 മിനിറ്റോളം പനീർശെൽവത്തിനൊപ്പം ചെലവഴിച്ചശേഷമാണ് അവർ മടങ്ങിയത്.

ബുധനാഴ്ച രാവിലെ ഹൃദയാഘാതംമൂലമാണ് വിജയലക്ഷ്മി അന്തരിച്ചത്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം 2017-ലാണ് പനീർശെൽവത്തിനും ശശികലയ്ക്കുമിടയിൽ രാഷ്ട്രീയവൈരാഗ്യം ശക്തമാകുന്നത്. ജയ മരിച്ചശേഷം മുഖ്യമന്ത്രിപദവിയിലെത്തിയ പനീർശെൽവത്തെ താഴെയിറക്കി പദവി കൈയാളാൻ ശ്രമിക്കുകയായിരുന്നു ശശികല. ഇതിനിടയിൽ അനധികൃത സ്വത്തുസമ്പാദനക്കേസിൽ അവർക്ക് ജയിൽശിക്ഷ അനുഭവിക്കേണ്ടിവരികയും തുടർന്ന് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തു.

ശശികല വഞ്ചിച്ചു എന്നാരോപിച്ച് അന്ന് ജയലളിതയുടെ ശവകുടീരത്തിനുമുന്നിൽ ധ്യാനമിരുന്ന പനീർശെൽവം ശശികലയ്ക്കെതിരേ ധർമയുദ്ധം പ്രഖ്യാപിച്ചു. അതോടെ ഇരുവരും രാഷ്ട്രീയത്തിലെ ശത്രുക്കളായി.

o paneerselvam stalin
പനീർ ശെൽവത്തെ ആശ്വസിപ്പിക്കുന്ന
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ.

വിമതനായി നിലകൊണ്ട പനീർശെൽവം പിന്നീട് എ.ഐ.എ.ഡി.എം.കെ.യുമായി ലയനത്തിനു തയ്യാറായപ്പോൾ ആദ്യം മുന്നോട്ടുവെച്ച ഉപാധി ശശികലയെയും അനന്തരവൻ ടി.ടി.വി. ദിനകരനെയും പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നായിരുന്നു. പക്ഷേ, ശശികലയും പനീർശെൽവവും തമ്മിൽ മാനസികമായി അടുപ്പമുണ്ടെന്ന് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നു. ജയലളിതയുടെ തോഴിയായിരുന്നു ശശികലയെങ്കിൽ ജയയുടെ ഏറ്റവും വിശ്വസ്തരിൽ ഒരാളായിരുന്നു പനീർശെൽവം. അതുകൊണ്ടുതന്നെ ബുധനാഴ്ച ഇരുവരും തമ്മിലുണ്ടായ വൈകാരികനിമിഷങ്ങൾ രാഷ്ട്രീയപ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നു.