ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടർന്ന് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യിൽ വീണ്ടും അശാന്തി. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണമുണ്ടാക്കിയ ഭിന്നിപ്പിൽ നിന്നും കരകയറിയതിനുപിന്നാലെയാണ് വീണ്ടും പടലപ്പിണക്കം തലപൊക്കിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും ചേർന്നാണ് ഇപ്പോൾ പാർട്ടിയെ നയിക്കുന്നത്. രണ്ടിലയാണ് ചിഹ്നമെങ്കിലും ഇരട്ടനേതൃത്വം വേണ്ടെന്ന ആവശ്യം ശക്തമാണ്. അങ്ങനെയാണെങ്കിൽ പനീർശെൽവമാണോ, പളനിസ്വാമിയാണോ നേതൃത്വം ഏറ്റെടുക്കുകയെന്നതാണ് ചോദ്യം. ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബുധനാഴ്ച അടിയന്തര നേതൃയോഗം വിളിച്ചുചേർത്തിട്ടുണ്ട്.

എ.ഐ.എ.ഡി.എം.കെ.യിൽ പനീർശെൽവത്തെയും പളനിസ്വാമിയെയും അനുകൂലിക്കുന്ന രണ്ട് ഗ്രൂപ്പുകൾ രൂപപ്പെട്ടു. ഇരുനേതാക്കളും ജയലളിതയുടെ ഇഷ്ടക്കാരാണെന്നും മിടുക്കനെ പാർട്ടി നേതൃത്വം ഏൽപ്പിക്കണമെന്നുമാണ് ആവശ്യം. ഇരട്ടനേതൃത്വം സുപ്രധാന തീരുമാനങ്ങളെടുക്കാൻ കാലതാമസം ഉണ്ടാക്കുന്നുവെന്നും ആരോപണമുണ്ട്. ഏതാനും ദിവസംമുമ്പ് മധുര എം.എൽ.എ. രാജൻ ചെല്ലപ്പയാണ് ഇരട്ട നേതൃത്വം അപകടത്തിലേക്ക്‌ നയിക്കുകയാണെന്ന് പരസ്യമായി പരാമർശിച്ചത്. ഇതേകാര്യം ഞായറാഴ്ച മറ്റൊരു എം.എൽ.എ. ആർ.ടി. രാമചന്ദ്രനും ചൂണ്ടിക്കാട്ടി. രണ്ട് എം.എൽ.എ.മാരും രണ്ടുവിഭാഗത്തിന്റെ പ്രതിനിധികളാണെന്നാണ് രഹസ്യവിവരം. രാജൻ ചെല്ലപ്പ പനീർശെൽവത്തിനെയും രാമചന്ദ്രൻ പളനിസ്വാമിയെയും പിന്തുണയ്ക്കുന്നവരാണത്രെ. ഇതിനർഥം പളനിസ്വാമിയും പനീർശെൽവവും തമ്മിൽ വിയോജിപ്പുണ്ടെന്നാണ്‌.

പാർട്ടി സ്ഥാപകൻ എം.ജി.ആറിന്റെ കാലം മുതൽ എ.ഐ.എ.ഡി.എം.കെ. ഒറ്റ നേതൃത്വത്തിന്റെ കീഴിലായിരുന്നു. ജയലളിതയുടെ മരണശേഷം അസ്വാരസ്യമുണ്ടായപ്പോൾ 2017-ൽ നിയമാവലി പൊളിച്ചെഴുതി. അതോടെ പനീർശെൽവം കോ-ഓർഡിനേറ്ററും പളനിസ്വാമി കോ-ഓർഡിനേറ്ററുമായി. ഇപ്പോൾ പാർട്ടിയിൽ നല്ലൊരു വിഭാഗം പളനിസ്വാമിയെ പിന്തുണയ്ക്കുന്നവരാണെന്നാണ്‌ വിവരം. പനീർശെൽവം പാർട്ടിയിൽ കുടുംബവാഴ്ച ഉണ്ടാക്കുമെന്ന ആശങ്കയുണ്ട്. മകൻ രവീന്ദ്രനാഥകുമാറിന് എൻ.ഡി.എ. മന്ത്രിസഭയിൽ പദവി ലഭിക്കുമെന്ന്‌ പനീർശെൽവം പ്രതീക്ഷിച്ചിരുന്നു. തടസ്സംനിന്നത് പളനിസ്വാമിയാണെന്ന പ്രചാരണം ശക്തമാണ്‌. ഇതിന്റെ പേരിൽ പളനിസ്വാമിയും പനീർശെൽവവും മാനസികമായി അകന്നതായും വിവരമുണ്ട്. ഇതൊക്കെയാണെങ്കിലും പാർട്ടിക്കുള്ളിൽ ഭിന്നതകളില്ലെന്നാണ് പളനിസ്വാമിയും പനീർശെൽവവും പറയുന്നത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിച്ചുമത്സരിച്ച് 37 സീറ്റുകൾ നേടിയ എ.ഐ.എ.ഡി.എം.കെ. ഇത്തവണ ബി.ജെ.പി.യുമായി ചേർന്ന് മഴവിൽ സഖ്യമുണ്ടാക്കിയെങ്കിലും ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്. സംസ്ഥാനഭരണം വീഴാതിരുന്നത് തലനാരിഴ വ്യത്യാസത്തിലും. പരാജയകാരണം ബി.ജെ.പി.യുമായുള്ള സഖ്യപരീക്ഷണമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.