ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തും മക്കൾ നീതി മയ്യം നേതാവ് കമൽഹാസനും രാഷ്ട്രീയത്തിൽ ഒരുമിക്കുന്നതിനെ രൂക്ഷമായി പരിഹസിച്ച് എ.ഐ.എ.ഡി.എം.കെ. പാർട്ടി മുഖപത്രമായ ‘നമതു അമ്മ’യിലെ ലേഖനത്തിലാണിത്. താരങ്ങളുടെ രാഷ്ട്രീയ ഭാവി തുലാസിലാവുമെന്ന് ലേഖനം പറയുന്നു. രജനിയേക്കാൾ വിമർശനം കൂടുതൽ കമലിനാണ്. രജനീകാന്ത് ആത്മീയരാഷ്ട്രീയത്തിലേക്കാണ് കുതിക്കുന്നത്. കമൽ നിരീശ്വരവാദിയും ഇടതു സഹയാത്രികനുമാണ്. ഇരുവരും ഒരുമിച്ചാൽ എലിയും പൂച്ചയും ജിവിക്കുന്നതിനു സമാനമാകുമെന്ന് കുറിപ്പിൽ പറയുന്നു. സിനിമാരംഗത്ത് രജനിക്കുമുന്നിൽ കമൽ അടിപതറി. രാഷ്ട്രീയത്തിലും ഇതുതന്നെ സംഭവിക്കാൻ പോകുന്നു.

സിനിമയിൽനിന്ന് പേടിച്ചോടിയാണ് കമൽ പാർട്ടിയുണ്ടാക്കിയത്. മക്കൾ നീതി മയ്യം ഇതുവരെ ഒരു തിരഞ്ഞെടുപ്പിൽ മാത്രമാണ് മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പിൽ കളത്തിലിറങ്ങാൻ ഭയപ്പെട്ടു. പേടിച്ചുനിൽക്കുന്ന കമലിന്റെ പാർട്ടിയുമായാണ് രജനീകാന്ത് കൈകോർക്കുന്നത്. കമലുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ട് ഗുണംപിടിക്കില്ലെന്ന് കാലം രജനിയെ മനസ്സിലാക്കിക്കും. ആത്മീയരാഷ്ട്രീയത്തിലൂടെ രംഗത്തിറങ്ങി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിൽ മത്സരിക്കുമെന്നാണ് രജനിയുടെ അവകാശവാദം. അന്ന് രജനിക്ക് മനസ്സിലാകും കമലിനോടൊപ്പം താൻ ചാടിയത് വെള്ളത്തിലേക്കല്ല കല്ലിലേക്കാണെന്ന്. ഇവരിൽനിന്ന് ഇനിയും രാഷ്ട്രീയ തമാശകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. താരങ്ങളുടെ കൂട്ടുകെട്ട് ഒന്നരക്കോടി ജനങ്ങളുടെ പിന്തുണയുള്ള എ.ഐ.എ.ഡി.എം.കെ.യുടെ അടിത്തറ ഇളക്കാൻ പോകുന്നില്ലെന്നും ‘നമതു അമ്മ’യിലെ ലേഖനം പറയുന്നു. ‘പതിനാറു വയതിനിലെ’ എന്ന സിനിമയുടെ പോസ്റ്ററാണ് ലേഖനത്തിനൊപ്പം നൽകിയിരിക്കുന്നത്. ഇതിൽ കമൽ രജനിയെ മസാജ് ചെയ്യുന്നതാണ് രംഗം.