ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കി ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.

സ്ഥാനാർഥികളാകാൻ താത്പര്യമുള്ളവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചതിനൊപ്പം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സഖ്യം സംബന്ധിച്ച അന്തിമതീരുമാനം ഈ യോഗത്തിലുണ്ടാകുമെന്നാണ് സൂചന. പാർട്ടി ആസ്ഥാനത്ത് വെള്ളിയാഴ്ച വൈകീട്ട് 4.30-ന് നടക്കുന്ന യോഗത്തിന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം എന്നിവർ നേതൃത്വം നൽകും.

സ്ഥാനാർഥി പ്രഖ്യാപനം, പ്രകടന പത്രിക പുറത്തിറക്കൽ എന്നിവയടക്കം തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ മറ്റ് പാർട്ടികളെക്കാൾ വളരെമുമ്പ് പൂർത്തിയാക്കുന്നതായിരുന്നു ജയലളിതയുടെ ശൈലി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥിപ്രഖ്യാപനവും പ്രചാരണവും തുടങ്ങിയിട്ടും ഡി.എം.കെ. അടക്കം എതിരാളികൾക്ക് കളത്തിലിറങ്ങാൻകൂടി കഴിഞ്ഞിരുന്നില്ല. ജയലളിതയില്ലാത്ത ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആദ്യംതന്നെ പ്രചാരണം ആരംഭിക്കാനാണ് ഇ.പി.എസും ഒ.പി.എസും ശ്രമിക്കുന്നത്.

സഖ്യത്തിനായി ബി.ജെ.പി., പി.എം.കെ. എന്നിവരുമായി നടക്കുന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ജില്ലാ നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്. ഒരോ ജില്ലകളിലെയും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനൊപ്പം സഖ്യത്തെക്കുറിച്ചുള്ള ചർച്ചകളും നടക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ ജില്ലാ സെക്രട്ടറിമാരുടെ അഭിപ്രായം ആരായും. ഇതിനുശേഷമായിരിക്കും അന്തിമതീരുമാനം. സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകളും നടക്കുമെന്നാണ് പ്രതീക്ഷ.

ബി.ജെ.പി.യുമായി അടുക്കുന്നതിനെ ആദ്യം എതിർത്തിരുന്ന നേതാക്കൾ ഇപ്പോൾ അയഞ്ഞിട്ടുള്ളതായാണ് വിവരം. അതിനാൽ ജില്ലാ നേതൃയോഗത്തിൽ അനുകൂലപ്രതികരണമുണ്ടായാൽ സഖ്യം ഉറപ്പിക്കാനാകും. സഖ്യം ഏതായാലും ഉടൻ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജില്ലാ നേതൃസമ്മേളനത്തിനുശേഷം സ്ഥാനാർഥിനിർണയ നടപടികൾ വേഗത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥാനാർഥികളാകുന്നതിനുവേണ്ടി അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത് ഞായറാഴ്ചയാണ്. അതിനുശേഷം അധികം വൈകാതെതന്നെ അപേക്ഷകർക്കുള്ള അഭിമുഖം നടത്തും. ഇതിനിടെ സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പി.യുമായി സഖ്യം ഉറപ്പിച്ചാൽ ഞായറാഴ്ച പ്രധാനമന്ത്രി തിരുപ്പൂരിൽ എത്തുമ്പോൾ പ്രഖ്യാപനമുണ്ടായേക്കാം.