ചെന്നൈ: എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥി നിർണയ നടപടികൾക്ക് തുടക്കമായി. പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്നുള്ള അപേക്ഷകൾ തിങ്കളാഴ്ച മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീർശെൽവവും ചേർന്ന് വാങ്ങി.

പനീർശെൽവത്തിന്റെ മകൻ പി. രവീന്ദ്രനാഥ് കുമാറിന് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. രവീന്ദ്രനാഥിനെ 2018- മേയ് 30-ന് ‘പുരട്ച്ചി തലൈവി അമ്മ പേരവൈ’യുടെ തേനി ജില്ലാ സെക്രട്ടറിയായി നിയമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകൻ മിഥുൻ സേലത്തും വ്യവസായ മന്ത്രി എം.പി. സമ്പത്തിന്റെ മകൻ കള്ളകുറിച്ചിയിലും മത്സരിക്കാനായി വരും ദിവസങ്ങളിൽ അപേക്ഷ വാങ്ങുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. മത്സ്യബന്ധന മന്ത്രി ഡി. ജയകുമാറിന്റെ മകൻ ജയവർധനനും അപേക്ഷ വാങ്ങിയിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെ.യുടെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന മുന്നണിയിൽ അംഗങ്ങളാകുന്ന പാർട്ടി നേതാക്കളുടെയും മക്കൾ മത്സരിക്കാൻ ധാരണയുണ്ടെന്ന് അറിയുന്നു.

എ.ഐ.എ.ഡി.എം.കെ. സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എം.ജി.ആറും പാർട്ടി ജനറൽ സെക്രട്ടറിയും മുൻമുഖ്യമന്ത്രിയുമായിരുന്ന ജയലളിതയും ബന്ധുക്കളെ മത്സരിപ്പിച്ചിരുന്നില്ല. പാർട്ടിയിലെ നേതാക്കളുടെ മക്കൾക്കും മത്സരിക്കാൻ സീറ്റ് നൽകിയിരുന്നില്ല. ഇപ്പോൾ നേതാക്കളുടെ മക്കൾക്ക് സീറ്റ് നൽകി ബാക്കിയുള്ള സീറ്റുകളിൽ പ്രവർത്തകർക്ക് മത്സരിക്കാൻ ഇടം നൽകിയാൽ മതിയെന്നാണ് പാർട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്ന് ഒരു കൂട്ടം പാർട്ടി പ്രവർത്തകർ ആരോപിച്ചു.

കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ. മന്ത്രിസഭയിൽ നിയമസഭാ സ്പീക്കർ സ്ഥാനത്തുനിന്ന് ഡി. ജയകുമാറിനെ മാറ്റിയപ്പോൾ അദ്ദേഹത്തിന്റെ മകന് മത്സരിക്കാൻ അനുമതി നൽകിയിരുന്നു. മന്ത്രി പദവിയിലിരിക്കെ തങ്ങളുടെ മക്കൾക്ക് മത്സരിക്കാൻ അവസരം നൽകുകയാണ് മന്ത്രിമാർ ചെയ്യുന്നതെന്ന് പാർട്ടി പ്രവർത്തകർ കുറ്റപ്പെടുത്തി.

സ്ഥാനാർഥികളാൻ താത്പര്യമുള്ളവർക്ക് ഫെബ്രുവരി 10 വരെ അപേക്ഷ സമർപ്പിക്കാം. 25,000 രൂപയാണ് നിരക്ക്. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലേക്കും മത്സരിക്കാനാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷ സ്വീകരിച്ചവരുമായി നേതൃത്വം പിന്നീട് അഭിമുഖം നടത്തും. തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും മുന്നണി സഖ്യം സംബന്ധിച്ച് ധാരണയിലെത്തിയതിന് ശേഷമായിരിക്കും അന്തിമതീരുമാനം.