ചെന്നൈ: മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികല വീണ്ടും നേതൃത്വത്തിലെത്തുന്നത് തടയാൻ എ.ഐ.എ.ഡി.എം.കെ. നേതൃത്വം പാർട്ടി ഭരണഘടന ഭേദഗതി ചെയ്തു. പാർട്ടിയുടെ ഏതെങ്കിലും സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അതിന് തൊട്ടുമുമ്പുള്ള തുടർച്ചയായ അഞ്ച് വർഷമെങ്കിലും അംഗത്വമുണ്ടായിരിക്കണമെന്ന പുതിയ നിബന്ധന ഉൾപ്പെടുത്തുന്നതിനായിരുന്നു ഭേദഗതി. ഞായറാഴ്ച ചെന്നൈയിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ ഭേദഗതി പാസാക്കി. ശശികല നിലവിൽ എ.ഐ.എ.ഡി.എം.കെ. അംഗമല്ല.

രണ്ടുവർഷം മുമ്പ് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് ശശികലയെയും ടി.ടി.വി. ദിനകരനെയും പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ഇതിനെതിരേ ഇരുവരും കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. പിന്നീട് ശശികലയുടെ സമ്മതത്തോടെ ദിനകരൻ അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ.) എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരിക്കുകയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലും 22 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും എ.എം.എം.കെ. മത്സരിച്ചിരുന്നു. എന്നാൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികല ശിക്ഷപൂർത്തിയാക്കി പുറത്തിറങ്ങുന്നതോടെ എ.ഐ.എ.ഡി.എം.കെ. നേതൃത്വം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നതായി സൂചനകളുണ്ടായിരുന്നു. നാല് വർഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നതെങ്കിലും മൂന്ന് വർഷം പൂർത്തിയാക്കുന്നതോടെ ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. അടുത്ത ഫെബ്രുവരിൽ മൂന്ന് വർഷം പൂർത്തിയാക്കും. ഇത് മുന്നിൽ കണ്ടായിരുന്നു എടപ്പാടി പളനിസ്വാമി, ഒ. പനീർശെൽവം നേതൃത്വത്തിലുള്ള നിലവിലെ ഔദ്യോഗിക പക്ഷം പാർട്ടി ഭരണഘടന ഭേദഗതി ചെയ്തത്. കൂടുതൽ പേർക്ക് നേതൃത്വത്തിൽ അവസരം നൽകാൻ പാർട്ടി ജില്ലാ കമ്മിറ്റികളുടെ എണ്ണം 50-ൽ നിന്ന് 56 ആയി ഉയർത്താനും ജനറൽ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.