ചെന്നൈ: ഐ.ടി. മന്ത്രി എം. മണികണ്ഠനെ മന്ത്രിസഭയിൽനിന്ന് നീക്കിയതിനെ ന്യായീകരിച്ച് എ.ഐ.എ.ഡി.എം.കെ. നേതൃത്വം. സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയ്ക്ക് തനിക്ക് കീഴിലുള്ള മന്ത്രിയെ നീക്കാനും വകുപ്പുകൾ മാറ്റാനും പൂർണസ്വാതന്ത്ര്യമുണ്ടെന്ന് എ.ഐ.എ.ഡി.എം.കെ. മുതിർന്ന നേതാവും ഫിഷറീസ് വകുപ്പ് മന്ത്രിയുമായ ഡി. ജയകുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധികാരപരിധിയിൽ നിന്നുകൊണ്ടുള്ള നടപടിയാണിത്. ഇതിൽ കൂടുതൽ കാരണം അറിയില്ലെന്നും ജയകുമാർ പ്രതികരിച്ചു. മണികണ്ഠനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയ എടപ്പാടി പളനിസ്വാമി ഐ.ടി.വകുപ്പിന്റെ ചുമതല റവന്യൂമന്ത്രി ആർ.ബി. ഉദയകുമാറിന് നൽകിയിരുന്നു.

സർക്കാരിന് കീഴിലുള്ള അരശ് കേബിൾ ടി.വി.യുടെ ചുമതല മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഉദുമൽപേട്ട് രാധാകൃഷ്ണന് നൽകിയതിനെ എതിർത്ത് നടത്തിയ പരസ്യപ്രസ്താവനയാണ് മണികണ്ഠന് മന്ത്രിസ്ഥാനം നഷ്ടമാകാൻ കാരണമെന്നാണ് സൂചന. സ്വകാര്യ കേബിൾ ടി.വി. സ്ഥാപനം നടത്തുന്ന രാധാകൃഷ്ണന് സർക്കാർ കേബിളിന്റെ ചുമതലനൽകിയ മുഖ്യമന്ത്രിയുടെ നിലപാടിനെ പരോക്ഷമായി വിമർശിക്കുകയായിരുന്നു. രണ്ടര വർഷത്തോളം നീണ്ട എടപ്പാടി സർക്കാരിൽ ആദ്യമായിട്ടാണ് ഒരു മന്ത്രിയെ നീക്കുന്നത്.