ചെന്നൈ: ഒരുവർഷത്തിലേറെ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ കോടതിവിധിയിലൂടെ നേടിയ വിജയം എ.ഐ.എ.ഡി.എം.കെ. പ്രവർത്തകരും നേതാക്കളും ആഘോഷിച്ചു. ചെന്നൈയിൽ അടക്കം തമിഴകത്തിൽ പലയിടങ്ങളിലും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു അണികൾ ആഹ്ലാദം പങ്കുവെച്ചത്.

അമ്മയുടെ (ജയലളിത) സർക്കാരിന്റെ വിജയമാണെന്നാണ് നേതാക്കൾ കോടതിവിധിയെ വിശേഷിപ്പിച്ചത്. വഞ്ചകർക്കുള്ള തിരിച്ചടിയെന്നും പലരും അഭിപ്രായപ്പെട്ടു. വൻസുരക്ഷയോടെയായിരുന്നു ജസ്റ്റിസ് സത്യനാരായണൻ വിധി പ്രഖ്യാപിക്കുന്നതിനായി വ്യാഴാഴ്ച രാവിലെ കോടതിയിലെത്തിയത്. മുമ്പ് നിശ്ചയിച്ചപ്രകാരം 10.30-നുതന്നെ വിധി വായിക്കാൻ ആരംഭിച്ചു. മുന്നൂറോളം പേജുകളിലുള്ള വിധിയുടെ പ്രധാനഭാഗം മാത്രമായിരുന്നു വായിച്ചത്. കോടതി ചേർന്ന് പത്തുമിനിറ്റിനുള്ളിൽ ഇത് പൂർത്തിയായി. മാധ്യമങ്ങളിലൂടെ വാർത്ത പടർന്നതോടെ ആഹ്ലാദപ്രകടനങ്ങളും തുടങ്ങി.

കോടതിവിധി പുറത്തുവന്ന് അധികസമയം കഴിയുന്നതിനുമുമ്പ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും റോയപ്പേട്ടയിലുള്ള പാർട്ടി ആസ്ഥാനത്ത് എത്തി. ഇതിന് മുമ്പുതന്നെ ഇവിടെ ആഘോഷം തുടങ്ങിയിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ എത്തിയതോടെ അണികളുടെ ആവേശം ഉച്ചസ്ഥായിലെത്തി. പടക്കം പൊട്ടിക്കലും മുദ്രാവാക്യം വിളികളുംകൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായി. റോഡിന് നടുവിൽ പ്രവർത്തകർ നൃത്തംചവിട്ടി. ഇതുകൂടാതെ, നഗരത്തിൽ പലയിടങ്ങളിലും മധുരം വിതരണം ചെയ്ത് ആഹ്ലാദം പങ്കുവെച്ചു.

പാർട്ടി ആസ്ഥാനത്തെത്തിയ പളനിസ്വാമിയെയും പനീർശെൽവത്തെയും ബൊക്കെ നൽകിയാണ് മറ്റ് നേതാക്കൾ സ്വീകരിച്ചത്. ഇരുവരെയും പൊന്നാട അണിയിക്കുകയും ചെയ്തു. പിന്നീട് പരസ്പരം മധുരം നൽകി. മന്ത്രിമാർ അടക്കമുള്ള നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷം പാർട്ടി ഓഫീസിന് പുറത്തിറങ്ങിയ ഇരുവരെയും അണികൾ പൊതിഞ്ഞു. ആശങ്കയൊഴിഞ്ഞ് ചിരിച്ച മുഖവുമായി മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയുടെ പ്രതികരണത്തിലും ആവേശം പ്രതിഫലിച്ചു.