ചെന്നൈ : സംസ്ഥാനത്തെ ഒരു മുൻ സ്പെഷ്യൽ ഡി.ജി.പിക്കെതിരായി വനിതാ ഐ.പി.എസ്. ഓഫീസർ നൽകിയ ലൈംഗികാതിക്രമ കേസിൽ സി.ബി.സി.ഐ.ഡി. കുറ്റപത്രം സമർപ്പിച്ചു. വിഴുപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 400 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. മുൻ സ്പെഷ്യൽ ഡി.ജി.പി.ക്കെതിരേയും പരാതി നൽകുന്നത് തടയാൻ ശ്രമിച്ച അന്നത്തെ ചെങ്കൽപ്പെട്ട് എസ്.പി.ക്കെതിരേയും മറ്റുചില പോലീസുദ്യോഗസ്ഥർക്കെതിരേയും കുറ്റപത്രത്തിൽ പരാമർശങ്ങളുണ്ടെന്നാണ് വിവരം.

കേസിൽ പരാതിക്കാരി ഏപ്രിലിൽ കോടതിയിൽ ഹാജരായി മൊഴിനൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സുരക്ഷാച്ചുമതലയിൽ പോയപ്പോൾ സ്പെഷ്യൽ ഡി.ജി.പി.യായിരുന്ന ഉദ്യോഗസ്ഥൻ കീഴ്ജീവനക്കാരിയെ വാഹനത്തിൽവെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. വിവാദത്തെത്തുടർന്ന് ആരോപണവിധേയനെ പദവിയിൽനിന്ന് നീക്കിയിരുന്നു.