ചെന്നൈ : മകളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അമ്മയിൽനിന്ന്‌ പണം ആവശ്യപ്പെട്ടയാളെ പോലീസ് അറസ്റ്റുചെയ്തു. അമേരിക്കൻ പൗരത്വമുളള ചെന്നൈ സ്വദേശി വി. രമേഷി (51)നെയാണ് ടി.പി. ഛത്രം പോലീസ് അറസ്റ്റുചെയ്തത്.

അടുത്തിടെ അമേരിക്കയിൽനിന്നും നാട്ടിലെത്തിയ രമേഷ് സ്ത്രീയെ വിളിച്ച് മകളുടെ അശ്ലീലചിത്രങ്ങൾ കാട്ടുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. 1.8 കോടി രൂപയാണ് അയാൾ ആവശ്യപ്പെട്ടത്. 25 വർഷമായി സ്ത്രീയുടെ കുടുംബവുമായി അടുപ്പമുള്ളയാളാണ് രമേഷ്.

വീടുവാങ്ങാൻവേണ്ടി സ്ത്രീയുടെ കുടുംബത്തിന് രമേഷ് ഏതാനുംവർഷം മുമ്പ് 50 ലക്ഷം രൂപ നൽകിയിരുന്നുവെന്നും പണം തിരികെലഭിക്കാൻവേണ്ടിയാണ് അയാൾ ഭീഷണിപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. സ്ത്രീയുടെ മകൾ വിദേശത്താണ് പഠിക്കുന്നത്.

അവളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. അശ്ലീലചിത്രങ്ങൾ പ്രതിശ്രുതവരന്റെ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്നും രമേഷ് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

1994 മുതൽ അമേരിക്കയിൽ താമസിക്കുന്ന രമേഷ് ഈ മാസം ആറിന് ഒരു മാസത്തെ വിസയിൽ ഇന്ത്യയിലെത്തിയതായിരുന്നു. ഇതിനിടെ അയാൾ സ്ത്രീയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടിരുന്നു. തത്‌കാലം തിരിച്ചുനൽകാൻ നിവൃത്തിയില്ലെന്ന് അറിയിച്ചപ്പോൾ രമേഷ് ഗോമതിയെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.