ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസിൽ അന്വേഷണങ്ങളും റെയ്ഡും നേരിടുന്ന തമിഴ്നാട് മുൻ ആരോഗ്യ മന്ത്രി സി. വിജയഭാസ്കറിന്റെ ആസ്തി വർധന ഞെട്ടിക്കുന്ന വേഗത്തിൽ. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലംതന്നെ ഇതിനു തെളിവാണ്.

2016 തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിജയഭാസ്കറിന്റെ ആസ്തി 8.98 കോടി രൂപയായിരുന്നത് 2021 ൽ 60.29 കോടി രൂപയായി വർധിച്ചു. അഞ്ചു വർഷത്തിനിടയിൽ ആറര മടങ്ങ് വർധന. വിജയഭാസ്കറിന്റെ പേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. ഡി.എം.കെ. സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് അന്വേഷണം ശക്തമാക്കിയത്. ഇതോടെ അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

വീട്ടിലും സ്ഥാപനങ്ങളിലും നിരന്തരം പരിശോധനകൾ നടത്തുകയും ലക്ഷക്കണക്കിനു രൂപയും രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. മന്ത്രിപദവി ദുരുപയോഗം ചെയ്ത് വൻതോതിൽ ആസ്തി വർധിപ്പിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞമാസമാണ് പുതുക്കോട്ട മേലൂരിലെ വിജയഭാസ്കറിന്റെ ഉടമസ്ഥതയിലുള്ള ക്വാറി ഉൾപ്പെടെ 43 ഇടങ്ങളിൽ വിജിലൻസ് പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കീഴിലുള്ള മദർ തെരേസ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ സാമ്പത്തികത്തട്ടിപ്പുകൾ നടന്നതായും കണ്ടെത്തി.

തിരുച്ചിറപ്പള്ളി, ചെന്നൈ, കോയമ്പത്തൂർ തുടങ്ങി തമിഴ്‌നാട്ടിൽ പലയിടങ്ങളിലും ബിനാമി സ്വത്തുക്കൾ ഉള്ളതായും പറയപ്പെടുന്നു. മന്ത്രിയായിരിക്കേ, 27.22 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് വിജയഭാസ്കറിന്റെ പേരിൽ വിജിലൻസ് കേസ് നിലവിലുണ്ട്. ഭാര്യ രമ്യയുടെ പേരിൽ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ കെട്ടിടങ്ങളും അപ്പാർട്ട്മെന്റുകളും വാങ്ങിയിട്ടുള്ളതായും കണ്ടെത്തിയിരുന്നു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന കേസുമുണ്ട്.